Fri. May 3rd, 2024
തിരുവനന്തപുരം:

ഇടുക്കിയിലെ ഏലം കര്‍ഷകരില്‍നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട്​ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കുമിളി പുളിയന്‍മല സെക്​ഷനിലെ ഫോറസ്​റ്റ്​ ഓഫിസര്‍ ചെറിയാന്‍ വി ചെറിയാന്‍, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസര്‍ എ രാജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പണപ്പിരിവുമായി ബന്ധപ്പെട്ട്​ കൂടുതല്‍ ഉദ്യോഗസ്ഥർക്ക്​ പങ്കുണ്ടോയെന്ന്​ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക്​ മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.

തുടരന്വേഷണത്തിന്​ പൊലീസി​ൻെറ സഹായം ആവശ്യമെങ്കില്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പണപ്പിരിവുമായി ബന്ധപ്പെട്ട്​ ഹൈറേഞ്ച് മേഖല സി സി എഫ് നടത്തിയ പ്രാഥമികാന്വേഷണത്തെതുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഓണാഘോഷത്തി​ൻെറ പേരില്‍ ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഏലം കര്‍ഷകരില്‍നിന്ന് ഉദ്യോഗസ്ഥര്‍ വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.

വീടുകളിലെത്തി പണം ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ കുത്തകപ്പാട്ടം റദ്ദുചെയ്യുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നായിരുന്നു ആരോപണം. കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായിട്ടും പലരും കടംവാങ്ങിയും മറ്റും ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയിരുന്നുവത്രെ.