Sat. Jan 18th, 2025
ചോഴിയക്കോട്:

മലയോര ഹൈവേയുടെ കുളത്തൂപ്പുഴ മടത്തറ പാതയിൽ പതിവാകുന്ന അപകടങ്ങൾ കുറയ്ക്കാൻ രാത്രിയാത്രക്കാർക്ക് കാപ്പി നൽകി യുവാക്കളുടെ കൂട്ടായ്മ. മടത്തറ കൊച്ചുകലിങ്കിലെ പ്രവാസികളായ കുന്നിൽവീട്ടിൽ പി പ്രശാന്ത്, ഷിയാദ് മൻസിലിൽ എം നാഷിം, അരിപ്പ പ്രമീളാലയത്തിൽ എസ് സനു എന്നിവരും തെന്മല ഡാം കെഐപിയിലെ ഡ്രൈവർ അരിപ്പ അനഹയിൽ വി അനിലും പൊതുപ്രവർത്തകനായ കൊച്ചുകലുങ്ക് അമ്പാട്ട് വീട്ടിൽ റോയി തോമസുമാണ് കാപ്പി നൽകുന്ന സംഘം.

അപകടസാധ്യത കൂടുതലുള്ളതിനിലാണ് കാപ്പി വിതരണം പുലർച്ചെയാക്കിയതെന്നും കാപ്പി നൽകി കുശലാന്വേഷണം നടത്തുന്നതോടെ ഡ്രൈവർമാർ ഉറക്കം വിടുമെന്നും സംഘം പറയുന്നു.
കൊച്ചുകലുങ്കിൽ തുടങ്ങിയ കാപ്പി വിതരണം വെളിച്ചക്കുറവു കാരണം അരിപ്പ വനം അക്കാദമി കവലയിലേക്കു മാറ്റി. തമിഴ്നാട്ടിൽ നിന്നടക്കം കുളത്തൂപ്പുഴയിൽ നിന്നെത്തുന്ന വാഹന യാത്രക്കാർക്ക് പുലർച്ചെ 3 മുതൽ 6 വരെയാണ് കാപ്പി നൽകുന്നത്.

പാത മലയോര ഹൈവേയായി നവീകരിച്ചതോടെ അപകടം പതിവാണ്. മുൻപ് പൊലീസ് കാപ്പിവിതരണം തുടങ്ങിയിരുന്നെങ്കിലും പിന്നീട് അവസാനിപ്പിക്കുകയായിരുന്നു‍. ഊഴമനുസരിച്ച് ഓരോരുത്തരും വീട്ടിൽ നിന്ന് അതിരാവിലെ കാപ്പിയും ചില ദിവസങ്ങളിൽ ചുക്കുകാപ്പിയും തയാറാക്കി എത്തിക്കും