Mon. Dec 23rd, 2024

ആലപ്പുഴ ∙

നിർദിഷ്ട തിരുവനന്തപുരം– കാസർകോട് സെമി ഹൈസ്പീഡ് റെയിൽവേ ലൈനിന്റെ (സിൽവർ ലൈൻ) ഭാഗമായി ജില്ലയിൽ ഏറ്റെടുക്കുക 41.7 ഹെക്ടർ ഭൂമി. തിരുവനന്തപുരം – ചെങ്ങന്നൂർ സ്ട്രെച്ചിന്റെ ഭാഗമായി 26.09 ഹെക്ടറും ചെങ്ങന്നൂർ–എറണാകുളം സ്ട്രെച്ചിന്റെ ഭാഗമായി 15.61 ഹെക്ടറുമാണ് ഏറ്റെടുക്കുക.

സിൽവർ ലൈൻ പദ്ധതിക്കു സ്ഥലം ഏറ്റെടുക്കാൻ ആലപ്പുഴ ജില്ലയിൽ സ്പെഷൽ തഹസിൽദാറുടെ ഓഫിസ് രൂപീകരിച്ച് സർക്കാർ ഉത്തരവായി. തിരുവനന്തപുരം – ചെങ്ങന്നൂർ സ്ട്രെച്ചിൽ ചെങ്ങന്നൂർ താലൂക്കിലെ മുളക്കുഴ, വെണ്മണി, മാവേലിക്കര താലൂക്കിലെ നൂറനാട്, പാലമേൽ വില്ലേജുകളിൽ നിന്നാണ് 26.09 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്.

മുളക്കുഴ വില്ലേജിലെ 16, 17 ബ്ലോക്ക‍ുകളിൽനിന്നും വെണ്മണി വില്ലേജിൽ ബ്ലോക്ക് നമ്പർ 15ൽ നിന്നുമാണ് ഭൂമി ഏറ്റെടുക്കുക. നൂറനാട് വില്ലേജിൽ 22, 23 ബ്ലോക്കുകളിൽനിന്നും പാലമേലിൽ 19, 21 ബ്ലോക്കുകളിൽനിന്നും ഭൂമി ഏറ്റെടുക്കും. ചെങ്ങന്നൂർ–എറണാകുളം സ്ട്രെച്ചിൽ മുളക്കുഴ വില്ലേജിലെ ബ്ലോക്ക് നമ്പർ 17ൽ നിന്ന് 15.61 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക.

ആലപ്പുഴയിൽ സ്പെഷൽ തഹസിൽദാർ ഓഫിസിൽ 18 തസ്തികകൾ അനുവദിച്ചിട്ടുണ്ട്. സ്പെഷൽ തഹസിൽദാർ (1), ജൂനിയർ സൂപ്രണ്ട് (1), വാല്യുവേഷൻ അസിസ്റ്റന്റ് (1), റവന്യു ഇൻസ്പെക്ടർ (3), സീനിയർ ക്ലാർക്ക് (2),സർവേയർ (4), ക്ലാർക്ക് (2),വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (3), ഓഫിസ് അറ്റൻഡന്റ് (1) എന്നിങ്ങനെയാണ് അനുവദിച്ച തസ്തികകൾ.

എറണാകുളം കേന്ദ്രീകരിച്ചുള്ള ഡപ്യൂട്ടി കലക്ടർ ഓഫിസിന്റെ കീഴിലാണ് സ്പെഷൽ തഹസിൽദാർ ഓഫിസ് പ്രവർത്തിക്കുക. കലക്ടറുടെ മേൽനോട്ടത്തിലാണ് സ്ഥലമേറ്റെടുക്കൽ നടപടികൾ.