Mon. Dec 23rd, 2024
കുമാരനല്ലൂർ:

ആഘോഷങ്ങൾ ഒഴിവാക്കി ആചാരപ്പെരുമയിൽ തിരുവോണത്തോണിയുടെ അകമ്പടിയായ ചുരുളൻവള്ളം മങ്ങാട്ടുകടവിൽനിന്ന് പുറപ്പെട്ടു. കുമാരനല്ലൂർ മങ്ങാട്ട് ഇല്ലം എം ആർ രവീന്ദ്രബാബു ഭട്ടതിരിയാണ്‌ അകമ്പടി വള്ളത്തിൽ യാത്രചെയ്യുന്നത്. വ്യാഴം വൈകിട്ട് ആറന്മുള ദേവസ്വം സത്രക്കടവിലെത്തും.

പിറ്റേന്ന്‌ പുലർച്ചെ കാട്ടൂർക്ക്‌ പുറപ്പെടും. ഭട്ടതിരിയുടെ സാന്നിധ്യത്തിൽ അയിരൂർ പുതിയകാവിൽ ഉച്ചപ്പൂജ നടക്കും. വൈകിട്ട് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെത്തും. ഇവിടെനിന്ന്‌ വൈകിട്ട് ആറിന്‌ തിരുവോണത്തോണി പുറപ്പെടും.

തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായാണ്‌ യാത്ര. 21ന് പുലർച്ചെ ആറിന് പാർഥസാരഥി ക്ഷേത്രത്തിലെത്തും. കുമാരനല്ലൂരിൽ നിന്നുള്ള വള്ളം അകമ്പടി നൽകും.

മങ്ങാട്ട് ഇല്ലത്തിന്‌ പാരമ്പര്യവഴിയിൽ കിട്ടിയതാണ് ഈ അവകാശം. തിരുവോണനാളിൽ ഓണവിഭവങ്ങളുമായി കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽനിന്നാണ്‌ തിരുവോണത്തോണി പുറപ്പെടുന്നത്. കാട്ടൂർക്കരയിലെ 18 തറവാട്ടുകാരും മങ്ങാട്ട് ഭട്ടതിരിയുമാണ്‌ തോണിയിലുണ്ടാവുക.

കുമാരനല്ലൂരിൽനിന്ന്‌ ഭട്ടതിരി കാട്ടൂർക്കടവുവരെ എത്തുന്നത് ചുരുളൻ വള്ളത്തിലാണ്. പിന്നീട്‌ തിരുവോണത്തോണിയിലാണ്‌ യാത്ര. തിരുവോണനാളിൽ രാവിലെ ആറന്മുള മധുക്കടവിൽ തോണിയെത്തും. തോണിയിലെത്തിക്കുന്ന വിഭവങ്ങൾക്കൂടി ചേർത്താണ്‌ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യ.