Mon. Dec 23rd, 2024
ഒഞ്ചിയം:

ഊരാളുങ്കൽ സൊസൈറ്റിയുടെ ചരിത്രം സ്പന്ദിക്കുന്ന ആസ്ഥാനമന്ദിരം ഇനി ഓർമ. കേരള നവോത്ഥാനത്തിന്റെ ചൂടും ചൂരുമേറ്റ് പിറവികൊണ്ട ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാനമന്ദിരം ദേശീയപാത വികസനത്തിനായി പൊളിച്ചുനീക്കുന്നു.1925-ൽ പിറവികൊണ്ട സൊസൈറ്റിയുടെ ആദ്യത്തെ ഓഫീസ് നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനടുത്ത് വാടകക്കെട്ടിടത്തിലായിരുന്നു.

സ്ഥാപകരിലൊരാളായ പാലേരി ചന്തമ്മന്റെ കുടുംബം വക ചായക്കടയുടെ മുകളിലെ നിലയിലായിരുന്നു പ്രവർത്തനം. പാലേരി കണാരൻ പ്രസിഡന്റായിരിക്കെ 1954ൽ സംഘത്തിന്‌ പുതിയ ആസ്ഥാനമന്ദിരത്തിനായി സ്ഥലം വാങ്ങി. ദേശീയപാതയോടു ചേർന്ന് 500 രൂപയ്ക്കു വാങ്ങിയ സ്ഥലത്ത് കെട്ടിടമുണ്ടാക്കി പ്രവർത്തനം തുടങ്ങി.

1969-ലാണ്‌ ദേശീയപാതാ വികസനം (ദേശീയപാത 66) ആസൂത്രണം ചെയ്യുന്നത്. ഹൈവേയ്ക്ക്‌ വീതികൂട്ടുമ്പോൾ സ്വന്തം ചെലവിൽ പൊളിച്ചുനീക്കുമെന്ന് സൊസൈറ്റി അന്നുതന്നെ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നിൽ ബഹുനില ഓഫീസ് നിർമിക്കുകയും ചെയ്‌തു.

ഇതുവരെ ഓഫീസായി ഉപയോഗിക്കുകയായിരുന്ന പഴയ കെട്ടിടം വാഗ്ദാനം പാലിച്ച്‌ സൊസൈറ്റിതന്നെയാണ് പൊളിച്ചുനീക്കുക. ചരിത്രസംഭവങ്ങൾക്ക്‌ സാക്ഷിയായ കെട്ടിടത്തോട്‌ ആദരവ്‌ പ്രകടിപ്പിച്ച്‌ കെട്ടിടത്തിന്റെ ഇഷ്ടികയും വാതിലും ജനലും നടക്കല്ലും പൊളിച്ചെടുത്ത്‌ സംരക്ഷിക്കാൻ തീരുമാനിച്ചു.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്‌ വ്യാഴാഴ്ച വൈകിട്ട് 6-ന് പൊളിച്ചുനീക്കൽ ആരംഭിക്കും.

കെട്ടിടം പൂർണമായി പൊളിച്ചുനീക്കിയ ശേഷം 23-ന്‌ പുതിയ കെട്ടിടത്തിലേക്കുള്ള ഔപചാരിക മാറ്റമുണ്ടാകും. പഴയ മന്ദിരത്തിന്റെ ലഘുമാതൃക പുതിയ മന്ദിരത്തിൽ സ്ഥാപിക്കും.