Fri. Nov 22nd, 2024
വിഴിഞ്ഞം:

രാജ്യാന്തര തുറമുഖത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കായി കരിമ്പളിക്കരയില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശടി പൊളിച്ച്‌ മാറ്റുന്നതിനെച്ചൊല്ലി പ്രതിഷേധം. പ്രതിഷേധവുമായി നൂറുകണക്കിന് വിശ്വാസികൾ എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ. കുരിശടിക്ക് പുറമെ ഇവിടെ ഒരു കാണിക്കവഞ്ചി കൂടെ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാണിക്ക വഞ്ചി അറ്റകുറ്റപ്പണി നടത്താന്‍ ഇടവക വികാരികള്‍ എത്തിയപ്പോള്‍ തുറമുഖ നിര്‍മാണം ചൂണ്ടിക്കാട്ടി അധികൃതര്‍ തടഞ്ഞിരുന്നു.

കുരിശടിയും പൊളിച്ചു മാറ്റുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചതോടെ ഇന്നലെ രാത്രിയോടെ പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇന്ന് രാവിലെ സബ് കലക്ടറുമായി നടന്ന ചര്‍ച്ചയിലാണ് കുരിശടി കൂടി പൊളിച്ചുമാറ്റണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന കാര്യം പ്രദേശവാസികളെ അറിയിച്ചത്.

തുടർന്ന് കൂട്ടത്തോടെ വിശ്വാസികൾ എത്തിയതോടെ പൊലീസ് വട്ടം ചുറ്റി. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസ് എത്തി. സ്ത്രീകളടക്കം നിരവധി വിശ്വാസികള്‍ പ്രദേശത്തെത്തി തങ്ങൾക്ക് കുരിശടിയിൽ പ്രാര്‍ഥന നടത്തണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ ഈ അവശ്യം പൊലീസ് അംഗീകരിച്ചില്ല. ഇതോടെ പൊലീസിനെ തള്ളിമാറ്റി വിശ്വാസികള്‍ കുരിശടിക്ക് സമീപത്തേക്ക് ഓടിയത് സംഘർഷത്തിന് വഴിവെച്ചു. സംഭവത്തിൽ വിശ്വാസികളുമായി ചർച്ച നടക്കുന്നുണ്ടെങ്കിലും ഇതുവരെ സമവായം ആയിട്ടില്ല നൂറുകണക്കിന് വിശ്വാസികളാണ് പ്രദേശത്ത് തടിച്ചു കൂടിയിട്ടുള്ളത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും പ്രദേശവാസികള്‍ സമവായത്തിന് തയാറായിട്ടില്ല.