Mon. Dec 23rd, 2024

എറണാകുളം:

നടപ്പാലത്തിൽ വഴിമുട്ടിയ യാത്രയ്ക്ക് അറുതിയാകുന്നു. ചെറിയ കടമക്കുടി–പിഴല പാലം പുനർനിർമിക്കാൻ പത്തരക്കോടിയുടെ ഭരണാനുമതിയായി. പത്തരക്കോടി രൂപ ചെലവിലാണ് പാലം പുനർനിർമിക്കുക.

ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത് കടമക്കുടിയുടെ ഗതാഗതവികസനത്തിന് നാഴികക്കല്ലാകുമെന്ന്  കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു. നാട്ടുകാരുടെ ദീർഘകാല ആവശ്യമാണ് പുതിയ പാലം വരുന്നതോടെ യാഥാർഥ്യമാകുന്നത്.

നിലവിൽ ഒരു നടപ്പാലംമാത്രമാണ് ആശ്രയം. രണ്ടുമീറ്റർമാത്രമായിരുന്നു നടപ്പാതയ്ക്ക് വീതി.  പഴക്കമേറിയ നടപ്പാലം തകർച്ചയുടെ വക്കിലായതോടെ സമാന്തരമായി 2019ൽ കൊച്ചി നേവി ഒരു ബെയ്‌ലി ബ്രിഡ്‌ജ്‌ നിർമിച്ചിരുന്നു.

നെല്ല്‌, നാളികേര, ചെമ്മീൻ കർഷകർ അധിവസിക്കുന്ന മേഖലയിലാണ് കടമക്കുടി പഞ്ചായത്ത് ആസ്ഥാനം നിലകൊള്ളുന്നതും. വലിയ യാത്രാദുരിതമാണ് പ്രദേശവാസികൾ അനുഭവിക്കുന്നത്. 60 മീറ്റർ നീളത്തിൽ 6.45 മീറ്റർ വീതിയിലാണ് പുതിയ പാലം നിർമിക്കുക.