Wed. Jan 22nd, 2025

അമ്പലപ്പുഴ ∙

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് സ്ഥാനത്തുനിന്ന് ഡോ ആർവി രാംലാലിനെ മാറ്റി. ഡോ സജീവ് ജോർജ് പുളിക്കലിനെ പുതിയ സൂപ്രണ്ടായി നിയമിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഓങ്കോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറാണ് ഡോ സജീവ്. ഡോ രാംലാൽ സർജറി വിഭാഗം അസോഷ്യേറ്റ് പ്രഫസറായി തുടരും.

പുതിയ സൂപ്രണ്ട് ഡോ സജീവ് ജോർജ് പുളിക്കല്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ 2 കൊവിഡ് ബാധിതരുടെ മരണവിവരം ബന്ധുക്കളെ അറിയിക്കാൻ വൈകിയെന്ന പരാതി അന്വേഷിച്ച സംഘം ഇന്നലെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതു തുടർനടപടികൾക്കായി സർക്കാരിനു കൈമാറുകയും ചെയ്തു.

ഇതിനു പിന്നാലെയാണു നടപടി. കൊവിഡ് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കൊല്ലം കാവനാട് വാലുവിള ദേവദാസ് (58), ചെങ്ങന്നൂർ പെണ്ണുക്കര കവിണോടിയിൽ തങ്കപ്പൻ (68) എന്നിവരുടെ മരണവിവരമാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കാൻ വൈകിയത്.

തങ്കപ്പൻ 10നും ദേവദാസ് 12നുമാണു മരിച്ചത്. ഇക്കാര്യം ഇരുവരുടെയും ബന്ധുക്കളെ അറിയിച്ചത് 14നാണ്. എന്നാൽ, വിവരമറിയിക്കാൻ പലതവണ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ നൽകിയിരുന്ന നമ്പറുകളിൽ വിളിച്ചിട്ടു കിട്ടിയില്ലെന്നാണ് അധികൃതർ പറയുന്നത്.

കൊവിഡ് ചികിത്സയിലുള്ളവരുടെ വിവരം ബന്ധുക്കളെ അറിയിക്കാൻ ആശുപത്രിയിൽ ക്രമീകരണമൊരുക്കി. ബന്ധുക്കളെ ഫോണിൽ കിട്ടുന്നില്ലെങ്കിൽ മേൽവിലാസത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എയ്ഡ് പോസ്റ്റിന്റെ സഹായത്തോടെ അതതു പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാനാണു തീരുമാനം.