Mon. Dec 23rd, 2024

ആലപ്പുഴ:

കയര്‍ സഹകരണസംഘങ്ങളില്‍നിന്ന് ആഗസ്‌ത്‌ 16 വരെ സംഭരിച്ച മുഴുവന്‍ കയറിന്റെ വിലയും പൂര്‍ണമായും ഓണത്തിനുമുമ്പ് വിതരണം ചെയ്‌തതായി കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ. എന്‍ സായികുമാര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാല്‌ ദിവസംകൊണ്ട് 20 കോടി വിതരണംചെയ്‌തു.

പ്രൈസ് ഫ്ലക്ച്ചുവേഷന്‍ ഫണ്ട് ക്ലെയിം ഇനത്തില്‍ ആറുകോടിയും വിലവ്യതിയാന ഫണ്ടില്‍നിന്ന് മുൻകൂറായി 10 കോടിയും സര്‍ക്കാര്‍ നൽകിയിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ എല്ലാവര്‍ഷവും കയര്‍വില കുടിശ്ശികയില്ലാതെ വിതരണംചെയ്‌തു. കയര്‍വില പൂര്‍ണമായി നല്‍കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെയും വകുപ്പുമന്ത്രി പി രാജീവിന്റെയും അകമഴിഞ്ഞ പിന്തുണയും സഹായവുംകൊണ്ടാണ്.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 2015-–16 ല്‍ 60,000 ക്വിന്റലായിരുന്നു കയര്‍ സംഭരണം. 2016–17 മുതല്‍ ഉൽപ്പാദനം ക്രമാനുഗതമായി വര്‍ധിച്ച് 2020–-21 സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷം ക്വിന്റലായി. തൊഴിലാളി സംരക്ഷണം ഉറപ്പാക്കി നടപ്പാക്കിയ നവീകരണമാണ് ഈ പുരോഗതി സാധ്യമാക്കിയത്.

ഈവര്‍ഷം കയറുല്‍പ്പാദനം മൂന്നുലക്ഷം ക്വിന്റലാക്കും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കയര്‍പിരി തൊഴിലാളിക്ക് ശരാശരി വാര്‍ഷികവേതനം 12,000 ആയിരുന്നു. ഇന്ന് 40,000 രൂപയായി. സാമ്പത്തിക വര്‍ഷം 50,000 രൂപയായും അഞ്ചുവര്‍ഷംകൊണ്ട് 1,00,000 രൂപയുമാക്കും.  സംഭരിക്കുന്ന കയറിന്റെ സിംഹഭാഗവും ഉൽപ്പന്നങ്ങളാക്കിയാണ് വിപണനം.

കയര്‍ പിരിമേഖലയിലും ഉൽപ്പന്ന നിര്‍മാണമേഖലയിലും തൊഴില്‍ദിനം വർധിപ്പിച്ചു.കയര്‍വ്യവസായ മേഖല പ്രതിസന്ധികളെ തരണംചെയ്യുമ്പോഴും ചിലര്‍ നടത്തുന്ന  വസ്‌തുതാവിരുദ്ധ പ്രചാരണം തള്ളിക്കളയണമെന്നും അഡ്വ.എന്‍ സായികുമാര്‍ അഭ്യര്‍ഥിച്ചു. വൈസ്ചെയർമാൻ ജോഷി എബ്രഹാമും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.