Fri. Nov 22nd, 2024

പാലക്കാട് ∙

പഴവും പപ്പടവും പായസവുമൊക്കെയായി ഓണസദ്യ വീടുകളിലെത്തിക്കാനുള്ള തിരക്കിലാണു ജില്ലയിലെ ഹോട്ടലുകളും റസ്റ്ററന്റുകളും. ഓൺലൈൻ വഴി ഓർഡർ ചെയ്താലും ഹോട്ടലിൽ ഫോൺ വിളിച്ചു പറഞ്ഞാലും സദ്യ വീട്ടിലെത്തിക്കും. ഒരു ദിവസം മുൻപ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

മൊബൈൽ ആപ്ലിക്കേഷൻ വഴി ഇഷ്ടമുള്ള ഹോട്ടലുകളിൽ നിന്നു ഓഫറുകളോടെ ഓണസദ്യ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഭക്ഷണ വിതരണ ശൃംഖലകളുടെ കമ്പനികൾ ഒരുക്കിയിട്ടുണ്ട്. ചെറിയ ഗ്രാമങ്ങളിലെ വീടുകളിൽ പോലും ഇത്തവണ ഓണസദ്യ എത്തിക്കാനുള്ള ഒരുക്കത്തിലാണിവർ.

ഇതിനായി ഭക്ഷണ വിതരണത്തിനു അധിക ജീവനക്കാരെയും നിയോഗിച്ചു. തിരുവോണ ദിവസവും അതിനു മുൻപും തൊട്ടടുത്ത ദിവസങ്ങളിലുമൊക്കെ മൊബൈലിൽ ഒന്നു വിരലമർത്തിയാൽ ഓണസദ്യ വീട്ടിലെത്തും. തൂശനിലയിൽ തന്നെ സദ്യ ഉണ്ണാം.

ഓണസദ്യ വിളമ്പേണ്ട രീതി വിശദീകരിക്കുന്ന കുറിപ്പുകളുമുണ്ടാകും. സാധാരണ സദ്യ മുതൽ സ്പെഷൽ ഓണസദ്യ വരെയുണ്ട്. കറികളുടെയും വിഭവങ്ങളുടെയും എണ്ണത്തിനനുസരിച്ച് വില കൂടും. 8 തരം കറികളും ഒരിനം പായസവും അടങ്ങുന്ന സദ്യ 150 രൂപ മുതലുണ്ട്.

16 തരം കറികളും രണ്ടിനം പായസവുമായാൽ 250 രൂപ. 22 തരം കറികളും മൂന്നുകൂട്ടം പായസവും മധുര പലഹാരങ്ങളും അടങ്ങുന്ന സദ്യയ്ക്കു 400 രൂപ. ഫാമിലി പായ്ക്കിനു പ്രത്യേക ഓഫറുകളും ചിലർ നൽകുന്നുണ്ട്.

കേറ്ററിങ് സ്ഥാപനങ്ങളും ചെറിയ ഹോട്ടൽ നടത്തുന്നവർ പോലും ഇത്തവണ ഹോം ഡെലിവറി നടത്തുന്നുണ്ട്. ഏതൊക്കെ പായസവും കറികളുമാണു വേണ്ടതെന്നു തിരഞ്ഞെടുക്കാനുള്ള സൗകര്യവും പല ഹോട്ടലുകളും നൽകുന്നുണ്ട്.

By Rathi N