Wed. Nov 6th, 2024
കൊടുമൺ:

റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പൊട്ടിയ പൈപ്പുകൾ നന്നാക്കാത്തതു മൂലം ഓണക്കാലത്ത് പൊതുജനങ്ങൾക്ക് വെള്ളമില്ലാത്ത അവസ്ഥ. ചാലപ്പറമ്പ് ഭാഗത്ത് റോഡരികിലെ കുടുംബങ്ങളിൽ വെള്ളം ഇല്ലാതായിട്ട് 15 ദിവസം കഴിഞ്ഞു. ഈ ദുരിതം ഉണ്ടായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ പോലും നടത്താൻ തയാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്. ആനയടി – കൂടൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ആണ് അടിക്കടി പൈപ്പ് പൊട്ടുന്നത്.

സിയോൺ കുന്ന് ടാങ്കിൽ നിന്നാണ് അങ്ങാടിക്കൽ പ്രദേശത്ത് പല ഭാഗത്തും വെള്ളം ലഭിക്കുന്നത്. ഒറ്റത്തേക്ക് ഭാഗം മുതൽ പാണൂർ, അങ്ങാടിക്കൽ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം ഇടയ്ക്കിടെ മുടങ്ങുന്നത് ദുരിതം ആവുകയാണ്. ചാലപ്പറമ്പ് ഭാഗത്ത് പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് കൂടുതൽ ദുരിതത്തിലായത്.

3-ാം വാർഡിലെ കുഴിവേലിൽ മുകളിൽ ഭാഗത്തും 4-ാം വാർഡിലെ പുത്തൻവിളയിൽ പ്രദേശങ്ങളിലും വെള്ളം ലഭ്യമാകുന്നില്ല. ജല അതോറിറ്റിയിൽ പരാതി പറയുമ്പോൾ അവർ എത്തി നന്നാക്കിയാലും പിറ്റേന്ന് പണിക്കിടെ പൈപ്പ് പൊട്ടി വെള്ളം ഇല്ലാതാകും. പഞ്ചായത്തിലെ 3 മുതൽ 8 വരെയുള്ള വാർഡുകളിൽ തുടർച്ചയായി വെള്ളം മുടങ്ങുകയാണ്.

യാതൊരു ശ്രദ്ധയും ഇല്ലാതെയാണ് റോഡ് നിർമാണം. അതു കാരണമാണ് മിക്ക ദിവസങ്ങളിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് എന്ന് പ്രദേശവാസികൾ പറഞ്ഞു. പരാതി കൂടുമ്പോൾ ജല അതോറിറ്റി അധികൃതർ എത്തി പ്രശ്നം പരിഹരിക്കുന്നത് ആശ്വാസമാണ്.

ജല അതോറിറ്റി എസ്റ്റിമേറ്റ് കൊടുത്താലും പണം അടയ്ക്കാൻ പിഡബ്ല്യുഡി തയാറാകാത്തതാണ് അറ്റകുറ്റപ്പണികൾ നടത്താൻ കാലതാമസം നേരിടാൻ കാരണം. പ്രദേശവാസികൾ മന്ത്രിമാർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും പ്രയോജനം ഇല്ലെന്നാണ് ആരോപണം.