പറവൂർ:
ഓണത്തിന് ചെണ്ടുമല്ലി വസന്തം വിരിയിച്ച് മുണ്ടുരുത്തിയിലെ നാല് യുവാക്കൾ. ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഹനീഷ് ശ്രീഹർഷൻ, ഇലക്ട്രിക്കൽ കോൺട്രാക്ടറായ പി വി വിനീത്, ആർട്ടിസ്റ്റായ സി ജി ജിബിൻ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുജിത് ലാൽ എന്നിവരാണ് ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളയിച്ചത്.
കൊവിഡിൽ തൊഴിൽപ്രതിസന്ധി നേരിട്ടപ്പോഴാണ് പൂക്കൃഷിയിലേക്ക് ഇറങ്ങിയത്. ഇവർ പാട്ടത്തിനെടുത്ത മുണ്ടുരുത്തി അങ്കണവാടിക്കുസമീപമുള്ള ഒരേക്കർ കൃഷിയിടത്തിൽ ഓറഞ്ച്, മഞ്ഞ നിറങ്ങളിൽ ചെണ്ടുമല്ലിപ്പൂക്കൾ നിറഞ്ഞുനിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. ചേന്ദമംഗലം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെയാണ് പൂക്കൃഷി ചെയ്തത്.
കൃഷിഭവനിൽനിന്ന് നൽകിയ തൈകൾ ജൂൺ അഞ്ചിന് നട്ടു. 45 ദിവസം എത്തിയതോടെ വിളവെടുപ്പിനു പാകമായി. ബുധൻ 10ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്യും. പറവൂർ നഗരത്തിൽ രണ്ട് സ്റ്റാളുകൾ വിൽപ്പനയ്‌ക്കായി ഒരുക്കി. വിളവെടുപ്പിനു ശേഷം മറ്റുകൃഷികൾക്കുള്ള ഒരുക്കത്തിലാണ് യുവാക്കൾ.