Mon. Dec 23rd, 2024

ആലുവ∙

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നഗരസഭ അധികൃതർ കർശന നടപടി തുടങ്ങി. നഗരസഭ വക കെട്ടിടങ്ങളിൽ ദീർഘകാലമായി വാടക അടയ്ക്കാത്തവരുടെ മുറികൾ പൂട്ടി മുദ്ര വച്ചു. ബാങ്ക് കവലയിലെ 2 ഷോപ്പിങ് കോംപ്ലക്സുകളിലെ 10 മുറികളാണ് ആദ്യ ഘട്ടത്തിൽ പൂട്ടിയത്.

ഇവിടെ നിന്നു 10 ലക്ഷത്തോളം രൂപ നഗരസഭയ്ക്കു കിട്ടാനുണ്ട്. പലവട്ടം നോട്ടിസ് നൽകിയിട്ടും കുടിശിക കുറച്ചെങ്കിലും അടയ്ക്കുകയോ സാവകാശം ആവശ്യപ്പെടുകയോ ചെയ്യാത്തവരുടെ മുറികളാണ് ബലമായി അടച്ചത്. കുടിശിക തീർക്കുന്ന മുറയ്ക്കു തുറന്നുകൊടുക്കും.

നഗരസഭയിൽ നിന്നു മുറികൾ വാടകയ്ക്ക് എടുത്ത ശേഷം അതിലും കൂടിയ തുകയ്ക്കു മറിച്ചു കൊടുത്തവരുടെ പട്ടികയും തയാറാക്കുന്നുണ്ട്. ഇടനിലക്കാർക്കു ലാഭവും നഗരസഭയ്ക്കു വൻ നഷ്ടവും ഉണ്ടാകുന്ന ഏർപ്പാടാണിത്.

ജീവനക്കാർക്കു ശമ്പളവും പെൻഷനും നൽകാൻ പണമില്ലാത്ത അവസ്ഥയിലാണു നഗരസഭ. ഇതിനു പ്രതിമാസം 70 ലക്ഷം രൂപ വേണം. ജൂലൈയിലെ ശമ്പളം കഴിഞ്ഞ ദിവസമാണു നൽകിയത്. ഈ മാസത്തെ ശമ്പളവും ബോണസും ഓണത്തിനു മുൻപു നൽകാനും കഴിയില്ല.

By Rathi N