Mon. Dec 23rd, 2024

ആലുവ∙

നഗരസഭയിൽ ഭരണനേതൃത്വവും എൻജിനീയറിങ് വിഭാഗവും തമ്മിൽ ശീതസമരം മുറുകി. ഇതു വികസന പ്രവർത്തനങ്ങളെ ബാധിക്കുമോ എന്നാണ് ആശങ്ക. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭയിൽ ലഭ്യമായ ഫണ്ട് ഉപയോഗിച്ചു പദ്ധതികൾ നടപ്പാക്കണമെങ്കിൽ ഇരുകൂട്ടരും ഒരേ മനസ്സോടെ പ്രവർത്തിച്ചാലേ പറ്റൂ.

മുൻ ഭരണസമിതിയുടെ കാലത്ത് എൻജിനീയറിങ് വിഭാഗത്തിനു വേണ്ടി വാങ്ങിയ കാറിൽ നിന്ന് എൻജിനീയറിങ് വിഭാഗം എന്ന ബോർഡ് അഴിച്ചുമാറ്റാൻ ഒരു മാസം മുൻപു കൗൺസിൽ തീരുമാനിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ എതിർപ്പു മൂലം നടപ്പാക്കാൻ കഴിഞ്ഞില്ല.ഡ്രൈവറോടു ബോർഡ് നീക്കം ചെയ്യാൻ ഭരണപക്ഷത്തെ ചിലർ മുൻപു വാക്കാൽ നിർദേശിച്ചിരുന്നു.

അദ്ദേഹം വിസമ്മതിച്ചതിനെ തുടർന്നു വിഷയം കൗൺസിലിന്റെ അജൻഡയിൽ ഉൾപ്പെടുത്തി പാസാക്കി.  ഇതിനെതിരെ എൻജിനീയറിങ് വിഭാഗം അപ്പീൽ നൽകിയിരിക്കുകയാണ്. എൻജിനീയറിങ് വിഭാഗത്തിനു സ്വന്തം വാഹനം ഇല്ലെങ്കിൽ സൈറ്റ് ഇൻസ്പെക്‌ഷൻ, അനധികൃത നിർമാണ പ്രവർത്തനങ്ങൾ തടയൽ തുടങ്ങിയവ മുടങ്ങുമെന്നാണ് അവരുടെ പക്ഷം.

ഇത്തരം കാര്യങ്ങൾക്കായി പ്രത്യേക പ്രോജക്ടുണ്ടാക്കിയാണു കാർ വാങ്ങിയത്. സമീപ നഗരസഭകളിൽ എൻജിനീയറിങ് വിഭാഗത്തിനു പ്രത്യേക വാഹനം ഉണ്ടെന്നും അവർ പറയുന്നു. നഗരസഭയിൽ സെക്രട്ടറിക്കു പോലും ഔദ്യോഗിക വാഹനം ഇല്ലാതിരിക്കെ എൻജിനീയറിങ് വിഭാഗത്തിനു മാത്രമായി ഒരു വാഹനം നീക്കിവയ്ക്കുന്നതു ശരിയല്ലെന്നാണു മറുവിഭാഗത്തിന്റെ വാദം.

ബോർഡിൽ ആലുവ നഗരസഭ എന്നു മാത്രം എഴുതിയാൽ എല്ലാ വകുപ്പുകാർക്കും ഉപയോഗിക്കാനും കഴിയും. ഭരണപക്ഷത്തെ ഒരു സ്ഥിരംസമിതി അധ്യക്ഷന്റെ മുറിയുടെ ഹാഫ് ഡോർ കുറച്ചുനാൾ മുൻപു കേടായി. അതു നന്നാക്കാൻ എൻജിനീയറിങ് വിഭാഗത്തോടു പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.

മുറിയുടെ മുൻപിലെ ബോർഡും ഇടയ്ക്കു കാണാതായി. ഇവ രണ്ടും കഴിഞ്ഞ ദിവസം അദ്ദേഹം സ്വന്തം ചെലവിൽ പുനഃസ്ഥാപിച്ചു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ എത്തുന്നതിനു മുൻപു എൻജിനീയറിങ് വിഭാഗവുമായി ബന്ധപ്പെട്ട യോഗം ചർച്ച നടത്തി പിരിഞ്ഞതും വിവാദമായിരുന്നു

By Rathi N