അടിമാലി:
ദേവിയാർ മേഖലയിൽ ഉപരിപഠനത്തിന് മതിയായ സൗകര്യമില്ലാതെ വിദ്യാർത്ഥികൾ ആശങ്കയിൽ. ഇതോടെ ദേവിയാര്‍ ഗവ ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കണമെന്ന ആവശ്യം ശക്തമായി. നിലവില്‍ അടിമാലിയില്‍ രണ്ട് മാനേജ്‌മൻെറ് സ്‌കൂളുകളാണ് ഉള്ളത്.
ഇവിടെ പ്ലസ് ടുവിന് നിരവധി പഞ്ചായത്തുകളില്‍നിന്ന് കുട്ടികളെത്തുന്നതോടെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് സയന്‍സ്, കോമേഴ്‌സ് തുടങ്ങി ഇഷ്ടവിഷയങ്ങള്‍ ലഭിക്കാറില്ല. ദേവിയാര്‍, അടിമാലി, തലമാലി, മച്ചിപ്ലാവ് ഹൈസ്‌കൂളുകളില്‍നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികളില്‍ കൂടുതലും 40 മുതല്‍ 50 കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളുകളിലെത്തിയാണ് പ്ലസ് ടു പഠനം നടത്തുന്നത്.
കര്‍ഷകരും നിർദ്ധനരും ആദിവാസികളും മറ്റ് പിന്നാക്ക വിഭാഗക്കാരും കൂടുതലുള്ള പഞ്ചായത്തില്‍ ഇത്തരക്കാരുടെ മക്കള്‍ക്ക് പഠിക്കാന്‍ വലിയതുക ചെലവാക്കേണ്ടതായും വരുന്നു. ഇതോടെ പത്താംക്ലാസ് വിജയിച്ചവര്‍ തുടര്‍പഠനത്തിന് അവസരമില്ലാതെ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ് തങ്ങള്‍ പഠിച്ച സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറിയാക്കി ഉയര്‍ത്തുന്നതും കാത്തിരിക്കുന്നത്. ദേവിയാര്‍ സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ അദാലത്തുകളിലടക്കം വിഷയം ഉന്നയിച്ചിട്ടും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.
ആവശ്യമായ അടിസ്ഥാന സൗകര്യമെല്ലാം ഉണ്ടായിട്ടും ഹയര്‍സെക്കന്‍ഡറി വേണമെന്ന സ്കൂളിൻെറ ആവശ്യത്തിനുനേരെ വിദ്യാഭ്യാസവകുപ്പ് മുഖംതിരിക്കുകയാണ്. ഹൈറേഞ്ചിലെ ആദ്യകാല സ്‌കൂളുകളിലൊന്നാണ് ദേവിയാര്‍. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ 12 കുട്ടികള്‍ എ പ്ലസ് വാങ്ങി 96 ശതമാനം വിജയം നേടിയിട്ടുണ്ട്. പത്താം ക്ലാസ് വിജയിച്ചവര്‍ ഹയര്‍സെക്കന്‍ഡറിക്ക് മാതൃസ്‌കൂളില്‍തന്നെ അപേക്ഷിച്ചാല്‍ രണ്ടുമാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും.
എന്നാല്‍, ദേവിയാര്‍ സ്‌കൂളിലെ 90 കുട്ടികള്‍ക്കും അവരുടെ സ്‌കൂളില്‍ ഉപരിപഠനത്തിന് സൗകര്യമില്ലാത്തതിനാല്‍ ആ മാര്‍ക്ക് കിട്ടാന്‍ അര്‍ഹതയില്ല. അതുകൊണ്ടുതന്നെ തങ്ങളുടേതല്ലാത്ത കാരണത്താല്‍ തുടര്‍പഠത്തിന് അവസരം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കുട്ടികളെന്ന് പി ടി എ പ്രസിഡൻറ് നൗഷാദ് തമ്പിക്കുടി പറഞ്ഞു.