ആലപ്പുഴ:
എ സി റോഡ് നവീകരണത്തിന്റെ ഭാഗമായി പക്കിപാലം പൂർണമായും പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസം പുതിയ പാലത്തിന്റെ പൈലിങ് തുടങ്ങിയിരുന്നെങ്കിലും തടസ്സം നേരിട്ടതോടെ പാലം പൊളിച്ചു നീക്കിയശേഷം പ്രവൃത്തി തുടങ്ങിയാൽ മതിയെന്ന തീരുമാനത്തിലെത്തിയിരുന്നു. ഉയർന്ന നിർമാണ നിലവാരം മൂലം പൊളിക്കൽ നടപടികൾ ആദ്യഘട്ടത്തിൽ ദുർഘടമായിരുന്നെങ്കിലും ചൊവ്വാഴ്‌ച ഉച്ചയോടെതന്നെ പാലത്തിന്റെ പ്രധാനഭാഗങ്ങൾ പൊളിച്ചുനീക്കാനായി.
വൈകിട്ടോടെ പൂർണമായും പൊളിക്കൽ പൂർത്തിയാക്കാൻ നിർമാണ കമ്പനിയായ ഊരാളുങ്കലിനായി. പുതിയ പാലത്തിന്റെ പൈലിങ് ജോലികൾക്കായുള്ള പ്ലാറ്റ്‌ഫോം നിർമാണവും ചൊവ്വാഴ്‌ച തന്നെ തുടങ്ങിയിരുന്നു. പൊളിച്ചുനീക്കിയ അവശിഷ്‌ടങ്ങൾ മാറ്റുന്ന ജോലികൾ രാത്രി വൈകിയും തുടർന്നു.
ബുധനാഴ്‌ച പൈലിങ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. അതേസമയം സമാന്തരപാതയിലൂടെയുള്ള ഗതാഗതം നിയന്ത്രണവിധേയമാണെങ്കിലും ഓണത്തിരക്ക് പ്രതിഫലിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് അനുമതിയെങ്കിലും ആശുപത്രി അടിയന്തരാവശ്യമുള്ള വാഹനങ്ങളും കടത്തിവിടുന്നുണ്ട്.