Fri. Nov 22nd, 2024
പയ്യന്നൂർ:

ഫുഡ് ഫോറസ്റ്റ് അഥവാ ഭക്ഷണം തരുന്ന കാട് ജില്ലയിലും തളിരിടുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്തു നിന്നാണ് ഈ കാട് നമ്മുടെ ജില്ലയിലും എത്തിയിരിക്കുന്നത്. എല്ലാ ഭക്ഷ്യ വിളകളും ഒരു കുടക്കീഴിൽ ഒന്നിച്ച് ഉല്പാദിപ്പിക്കുന്ന കൃഷി രീതിയാണിത്.

പൂർണമായും ജൈവ രീതിയിലുള്ള കൃഷി. ശ്രീകൃഷ്ണപുരത്ത് ജൈവ കർഷകരായ ഒരു സംഘം ചെറുപ്പക്കാർ വികസിപ്പിച്ചെടുത്ത രീതിയാണിത്. ശ്രീകൃഷ്ണപുരം കഴിഞ്ഞാൽ ഭക്ഷ്യവനം കൂടുതൽ വളരുന്നത് പയ്യന്നൂരിന്റെ പരിസരങ്ങളിലാണ്.

കേവലം 3 സെന്റ് സ്ഥലത്തു പോലും ഫുഡ് ഫോറസ്റ്റ് എന്ന ആശയം വളരെ ഫലപ്രദമായി നടപ്പാക്കാം.ചെറുതും വലുതുമായ എല്ലാ വിളകൾക്കും അവയുടെ വലുപ്പം അനുസരിച്ച് സൂര്യ പ്രകാശവും പോഷകങ്ങളും ഉറപ്പു വരുത്തുന്ന വിധത്തിൽ സ്ക്വയർ പ്ലാന്റിങ് മാതൃകയിലാണു തൈകൾ വളർത്തുന്നത്. ദീർഘകാല വൃക്ഷങ്ങളായ തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയവയും മീഡിയം വിഭാഗത്തിൽ പെടുന്ന പേര, സപ്പോട്ട, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, അവക്കാഡോ തുടങ്ങി നാടനും വിദേശിയുമായ പഴവർഗ ചെടികളും ഹ്രസ്വകാല വിളകളായ വാഴ, പപ്പായ, കിഴങ്ങു വർഗങ്ങൾ എന്നിവയും പച്ചക്കറികളും തോട്ടത്തിൽ നട്ടു വളർത്തുന്നു.

സൂര്യ പ്രകാശവും വെള്ളവും മണ്ണിൽ വീണ് പാഴായി പോകാത്ത വിധത്തിലാണ് ചെടികൾ ക്രമീകരിക്കുന്നത്. ചെടികൾക്ക് അടി വളമായി നൽകുന്ന ചകിരിച്ചോർ കംപോസ്റ്റ് നിർമാണമാണ് ആദ്യഘട്ടം. കോഴിക്കാഷ്ഠം, ആട്ടിൻ കാഷ്ഠം, ചാണകം, ചകിരിച്ചോർ, പച്ചില, ഉണക്കയില, മറ്റു ജൈവാവശിഷ്ടങ്ങൾ, മേൽമണ്ണ്, ഡൈജസ്റ്റർ, വെല്ലം എന്നിവ ചേർത്താണ് കംപോസ്റ്റ് തയാറാക്കുന്നത്. മണ്ണു സംരക്ഷണത്തിനും ജല സംരക്ഷണത്തിനും ഒരേ പോലെ പ്രാധാന്യം നൽകുന്ന ഈ കൃഷി രീതിയിൽ ഓരോ ചെടിക്കും ആവശ്യമായ അളവിൽ കുഴിയെടുത്ത് കംപോസ്റ്റ് അടി വളമായി നൽകിയാണു ചെടികൾ നടുന്നത്.

ജൈവ പുതയും ജൈവ തണലും ഒരുക്കുന്നതാണ് ഭക്ഷ്യ വനത്തിന്റെ സവിശേഷ ഘട്ടം. ഇതിനായി തൈകൾ നട്ട തടത്തിനു പുറത്ത് മണ്ണിളക്കി നൈട്രജൻ ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ പ്രദാനം ചെയ്യുന്നതിന് പരമാവധിയിനം പയറു വർഗങ്ങൾ, ധാന്യങ്ങൾ, ചെറു ധാന്യങ്ങൾ, എണ്ണക്കുരുക്കൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ വിത്തുകൾ വിതയ്ക്കുന്നു. ഇവ വളർന്നുണ്ടാകുന്ന ജൈവപുത സൂര്യപ്രകാശം നേരിട്ട് മണ്ണിൽ പതിക്കാത്ത വിധത്തിൽ ഒരാവരണം പോലെ കൃഷിയിടത്തിൽ ജൈവ തണൽ നൽകുന്നു. ജലത്തിന്റെ ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനു വേണ്ടി തുള്ളി നനയാണു തോട്ടങ്ങളിൽ ക്രമീകരിച്ചിരിക്കുന്നത്.