അമ്പലത്തറ (തിരുവനന്തപുരം):
ഓണക്കാല പച്ചക്കറി വിപണി ലക്ഷ്യമാക്കി നിരോധിത കീടനാശിനികളുടെ അമിത സാന്നിധ്യവുമായി പച്ചക്കറികള്‍ അതിര്‍ത്തി കടന്നെത്തുന്നതായി ആക്ഷേപം. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്താന്‍ ആവശ്യമായ സംവിധാനങ്ങളില്ലാത്തതും ഇക്കൂട്ടർക്ക് സൗകര്യമായി. ഓണക്കാലം മുൻകൂട്ടി കണ്ട് തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും കൃഷിയിടങ്ങളില്‍ നിരോധിത കീടനാശീനികള്‍ ഉയര്‍ന്ന അളവിലാണത്രെ ഉപയോഗിക്കുന്നത്. ഇതിന് പുറമേ ജൈവ പച്ചക്കറികളിലും നിരോധിത കീടനാശിനികളുടെ സാന്നിധ്യം കെണ്ടത്തി.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വെള്ളായണി കീടനാശിനി പരിശോധന ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത കീടനാശിനികളുടെ അമിത അളവ് കണ്ടെത്തിയത്. ജില്ലയില്‍ ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികളിലും നിരോധിത കീടനാശിനികളുടെ അമിത അളവ് കണ്ടെത്തി. കാര്‍ഷിക ക്ഷേമവകുപ്പിലെ ഉദ്യോഗസ്ഥരുടെ നീരിക്ഷണത്തിൽ കൃഷി ചെയ്ത പച്ചമുളക്, പടവലം എന്നിവയുടെ സാമ്പിളുകളിൽ എത്തയോണ്‍, ലാംബ്ഡാ സൈഹാലോത്രിന്‍ എന്നീ വിഭാഗത്തില്‍പെട്ട കീടനാശിനികൾ കെണ്ടത്തി. ഇതിന് പുറമെ ചില കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികളിലും വിഷാംശമുെണ്ടന്ന് വ്യക്തമായി.
ജൈവ പച്ചക്കറി എന്ന പേരില്‍ വില്പനക്കെത്തുന്ന ചീര, ബീന്‍സ്, പച്ചമുളക്, പടവലം, പയര്‍ എന്നിവയിലാണ് അമിത അളവില്‍ കീടനാശിനികളുടെ അംശമുള്ളത്. പൊതുവിപണിയില്‍നിന്ന് ശേഖരിച്ച 7.6 ശതമാനത്തിലും സ്വകാര്യപച്ചക്കറി വിപണികളില്‍നിന്ന് ശേഖരിച്ച 11.11 ശതമാനത്തിലും കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോഷോപ്പുകളില്‍നിന്ന് ശേഖരിച്ച 6.4 ശതമാനത്തിലും കര്‍ഷകരില്‍നിന്ന് ശേഖരിച്ച 3.89 ശതമാനത്തിലുമാണ് കീടനാശിനി കണ്ടെത്തിയത്.
പൊതുവിപണിയില്‍നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ബീറ്റ്റൂട്ട്, തൊണ്ടന് മുളക്, മല്ലിയില, കറിവേപ്പില, പുതിനയില എന്നിവയിലാണ് കീടനാശിനിയുടെ അമിത അളവുള്ളത്. നേരത്തേ വെള്ളായണി കാര്‍ഷിക കോളജിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ സംസ്ഥാനത്ത് പൂര്‍ണമായും നിരോധിച്ച പ്രൊഫനോഫോസ് തുടങ്ങിയ കീടനാശിനികളുടെ അമിതസാന്നിധ്യമാണ് പച്ചക്കറികളില്‍ കണ്ടെത്തിയിരുന്നത്.
അന്താരാഷ്ട്ര നിലവാരമുള്ള സര്‍ക്കാര്‍ തലത്തില്‍ എക അക്രഡിറ്റഡ് ലബോറട്ടറിയാണ് വെള്ളയാണി കാര്‍ഷിക കോളജിലെ ലബോറട്ടറി. ഫുഡ് സേഫ്റ്റി സ്റ്റാന്റെര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ്എ ഐ), യൂറോപ്യന്‍ യൂനിയന്‍ എന്നിവ നിശ്ചയിച്ച പരിധിക്കു പുറമേ നൂറും ഇരുന്നൂറും മടങ്ങ് വിഷ കീടനാശിനിയുടെ സാന്നിധ്യമാണ് പല പച്ചക്കറികള്ക്കുമുള്ളത്.
പുതിനയിലയില്‍ 85 ശതമാനവും കറിവേപ്പിലയില്‍ 57 ശതമാനവും കാരറ്റില്‍ 15 ശതമാനവും വിഷാംശം അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തലസ്ഥാനത്ത് സെന്‍ട്രല്‍ ജയിലില്‍ വിളയുന്നതും വീടുകളിൽ സ്വന്തം നിലക്ക് കൃഷി ചെയ്യുന്നതുമായ പച്ചക്കറികള്‍ മാത്രമാണ് നിലവില്‍ വിഷമുക്തമായി കിട്ടുന്നത്.