Mon. Dec 23rd, 2024
കോഴിക്കോട്:

തുഷാരഗിരി വെള്ളച്ചാട്ടവും അതുമായി ബന്ധപ്പെട്ട വിനോദ സഞ്ചാരമേഖലയും പരിസ്ഥിതിയും എന്തു വില കൊടുത്തും സംരക്ഷിക്കുമെന്നും ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും പ്രദേശം സന്ദർശിച്ച വിദഗ്ധ സംഘം. സുപ്രീം കോടതി വിധി പാലിക്കുകയാണ് ആദ്യത്തെ നടപടിയെന്നും അതിനു ശേഷം ഇഎഫ്എൽ നിയമം സെക്‌ഷൻ 4 പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ സർക്കാരിനു സ്വീകരിക്കാവുന്നതാണെന്നും സംഘം വിലയിരുത്തി.

ലിന്റോ ജോസഫ് എംഎൽഎയുടെ നേത‍ൃത്വത്തിൽ വനം– ടൂറിസം വകുപ്പ് ഉന്നതരും പരിസ്ഥിതി പ്രവർത്തകരുമാണ് ഇന്നലെ തുഷാരഗിരി പ്രദേശം സന്ദർശിച്ചത്. വെള്ളച്ചാട്ടം വരെയുള്ള പ്രദേശം സംഘം പരിശോധിച്ചു. ഇതിനോടു ചേർന്നുള്ള 24 ഏക്കർ ഉടമകൾക്കു വിട്ടു കൊടുക്കാനാണ് സുപ്രീം കോടതി വിധി.

ഉടമകളിൽ ഒരാളും സ്ഥലത്ത് എത്തിയിരുന്നു. കോടതി വിധി എത്രയും വേഗം നടപ്പാക്കി കിട്ടണമെന്ന് ഇവർ ആവശ്യപ്പെട്ടു.വനം ഉത്തര മേഖലാ സിസിഎഫ് ഡി കെ വിനോദ് കുമാർ, ഡിഎഫ്ഒ എം രാജീവൻ, ഡിടിപിസി സെക്രട്ടറി ബീന മധു, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, പരിസ്ഥിതി പ്രവർത്തകനായ ടി വി രാജൻ എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.

വിധി പ്രകാരം ഭൂമി വിട്ടു കൊടുത്താൽ തുഷാരഗിരിയിലെ ശേഷിക്കുന്ന ഭൂമിയും ഉടമകൾക്ക് വിട്ടു കൊടുക്കേണ്ടി വരും എന്നും വെള്ളച്ചാട്ടം തന്നെ നശിക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി.ഇഎഫ്എൽ നിയമം സെക്‌ഷൻ നാലു പ്രകാരം വില കൊടുത്ത് ഏറ്റെടുക്കുകയാണ് സർക്കാരിനു മുന്നിലുള്ള മാർഗം. അതിനു മുൻപു വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് സാധ്യതയുണ്ട്.

12 അംഗ ഉപദേശ സമിതിയുടെ നേതൃത്വത്തിൽ പഠനം നടത്തിയ ശേഷമേ സെക്‌ഷൻ 4 പ്രകാരമുള്ള ഏറ്റെടുക്കൽ സാധ്യമാവൂ. അതിന് കാലതാമസമെടുക്കുമെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.