Fri. Nov 22nd, 2024
കോട്ടയം:

ജനകീയാസൂത്രണത്തിൻ്റെ പരീക്ഷണശാലയായിരുന്ന കുമരകത്തുനിന്ന്‌ പുറത്തുവന്നത്‌ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട പുതുമാതൃകകൾ. അതിലൊന്നായിരുന്നു പാലങ്ങളും റോഡുകളും നിർമിക്കാൻ ഗുണഭോക്തൃസമിതികളുടെ രൂപീകരണം. അധികാരവികേന്ദ്രീകരണത്തിന്‌ കൂടുതൽ ശോഭപകർന്ന്‌ ജനങ്ങൾ നിർമിച്ച അട്ടിപ്പീടിക പാലം ഇന്നും തലയുയർത്തി നിൽക്കുന്നു.

1995–-2000 കാലത്ത്‌ ജനകീയാസൂത്രണം സജീവമായ നാളുകളിലായിരുന്നു അട്ടിപ്പീടിക പാലം നിർമാണം. പൊങ്ങലക്കരി കോളനി, ചെട്ടിയാകുളം ഭാഗം, അട്ടിപ്പീടികയുടെ കിഴക്കുഭാഗം എന്നിവിടങ്ങളിലേക്ക്‌ പലകനിരത്തിയുള്ള പാലമായിരുന്നു യാത്രാമാർഗം. കാലപ്പഴക്കത്താൽ തൂണുകൾ ഇളകിയും പലകകൾ തകർന്നും ഏറെ യാത്രാക്ലേശം അനുഭവിച്ചു.

അത്‌ പരിഹരിക്കാനായിരുന്നു വാഹനങ്ങൾ കയറാവുന്ന പാലം ജനകീയാസൂത്രണ പ്രവർത്തനത്തിൽ സഫലമായത്‌. പഞ്ചായത്തിലാകെയുള്ള നിർമാണപദ്ധതികൾക്ക്‌ സാങ്കേതിക സഹായം നൽകാൻ ടെക്‌നിക്കൽ സപ്പോർട്ട്‌ കമ്മിറ്റി (ടിഎസ്‌ജി) രൂപീകരിച്ചിരുന്നു. വിവിധ രംഗങ്ങളിൽ നിന്ന്‌ വിരമിച്ച നാട്ടുകാരായ എൻജിനിയർമാരും മറ്റ്‌ വിദഗ്‌ധരുമടങ്ങുന്നതായിരുന്നു ഈ കമ്മിറ്റി.

ഗുണഭോക്‌തൃസമിതിയുടെ നിർമാണപ്രവർത്തനങ്ങൾക്ക്‌ ഈ കമ്മിറ്റി സാങ്കേതിക സഹായം നൽകി. അഞ്ച്‌ ലക്ഷം രൂപയോളം ചെലവഴിച്ചാണ്‌ അട്ടിപ്പീടികയിൽ പാലം ഉയർന്നത്‌. ജനകീയാസൂത്രണം പ്രഖ്യാപിക്കും മുമ്പ്‌ പഞ്ചായത്തുതല വികസന ആസൂത്രണ (പിഎൽഡിപി)മായിരുന്നു കുമരകത്തിന്റെ ആദ്യഘട്ടം.

കുമരകത്തിനു പുറമെ മെഴുവേലി, മാടക്കത്തറ, ഒഞ്ചിയം, മയ്യിൽ പഞ്ചായത്തുകളിലായിരുന്നു പിഎൽഡിപി പദ്ധതി. അയൽക്കൂട്ടം, കുട്ടികൾക്കായി വിദ്യാലക്ഷ്‌മി തുടങ്ങിയവയിലൂടെ കുമരകം ശ്രദ്ധിക്കപ്പെട്ടു. അയൽക്കൂട്ടവും അതിന്റെ ചുവടുപിടിച്ച്‌ കുടുംബശ്രീ രൂപീകരണവും പിന്നീട്‌ കേരളത്തിന്‌ മുതൽക്കൂട്ടായി.