Fri. Nov 22nd, 2024
കൊട്ടാരക്കര:

വെള്ളക്കെട്ടായി മാറിയ പാടത്ത് മത്സ്യസമ്പത്ത് വിളയിച്ച് തൊഴിലുറപ്പ് തൊഴിലാളിയുടെ കുടുംബം. വയലോരത്ത് ആറ് സെന്റിൽ തീർത്ത കുളത്തിൽ ഏഴായിരത്തോളം മത്സ്യങ്ങൾ. പരിസരത്തെ ഏലായിലെ മുക്കാൽ ഏക്കർ സ്ഥലത്ത് പാകമായ മരച്ചീനിയും.

ഓണത്തിന് നെല്ലിക്കുന്നം പൗട്ര ഏലാ പരിസരത്ത് കൂടി യാത്ര ചെയ്താൽ വിലങ്ങറ രാജ് വിലാസത്തിൽ കെ രാജനും ഭാര്യ വിലാസിനിയും നടത്തുന്ന തട്ടു കടയിൽ നിന്നും രഷ് കപ്പയും മീൻകറിയും കഴിക്കാം. രണ്ടും സ്വന്തം പാടത്ത് വിളയിച്ചത്.

ഏലായിൽ മഴവെള്ളം ഇറങ്ങാൻ തുടങ്ങിയതോടെ നെൽക്കൃഷി തുടങ്ങാൻ കഴിയാതെ വന്നതോടെയാണ് പുതിയ സംരംഭം തുടങ്ങിയത്. സുഭിക്ഷകേരളം പദ്ധതിയിൽ മത്സ്യ കൃഷിക്ക് അപേക്ഷ നൽകി. ഗ്രാമ പഞ്ചായത്തംഗം സുനിൽ ടി ഡാനിയേലിന്റെ സഹായത്തോടെ നടപടികൾ വേഗത്തിലാക്കി. ആറ് സെന്റ് വയൽ മത്സ്യക്കുളമാക്കി.

കുളത്തിൽ അസാം വാള, കട്‌ല എന്നിവയുടെ കുഞ്ഞുങ്ങളെ ഇട്ടു. ഒന്നര കിലോയോളം തൂക്കം വരുന്ന ഏഴായിരത്തോളം മത്സ്യങ്ങൾ ഇന്ന് കുളത്തിലുണ്ട്. മത്സ്യ കുഞ്ഞുങ്ങൾക്കൊപ്പം മുക്കാൽ ഏക്കർ സ്ഥലത്ത് മരച്ചീനിയും വിളയിച്ചു. പാടത്തോട് ചേർന്ന സ്ഥലത്ത് തട്ടുകട തുടങ്ങാനാണ് ശ്രമം. അടുത്ത ആഴ്ച കട തുടങ്ങും. കപ്പയും മീൻകറിയും വെറൈറ്റിയായ മത്സ്യ വിഭവങ്ങളും ലഭിക്കും.