കൊച്ചി:
നഗരത്തെ വെള്ളക്കെട്ടിലാക്കുന്ന കനാലുകളിലെ മാലിന്യം നീക്കം ചെയ്യാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടി ആരംഭിച്ചു. ആദ്യഘട്ടത്തിൽ തേവര–പേരണ്ടൂർ കനാലിലെ മാലിന്യങ്ങൾ നീക്കുന്നത് ചൊവ്വാഴ്ച ആരംഭിക്കും. രാവിലെ 8.45ന് മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.
മാലിന്യം തള്ളുന്നതായി കണ്ടെത്തിയ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡും സിസിടിവി ക്യാമറകളും സ്ഥാപിക്കും. പേരണ്ടൂർ കനാൽ, കാരണക്കോടം തോട്, ചങ്ങാടംപോക്ക് തോട്, മുല്ലശേരി കനാൽ, രമേശ്വരം കനാൽ, പുഞ്ചത്തോട്, ഇടപ്പള്ളി തോട് എന്നിവയ്‌ക്ക് കുറുകെയുള്ള അനധികൃത നിർമാണങ്ങളും മാലിന്യം തള്ളുന്നതുമാണ് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണമായി കണ്ടെത്തിയത്.
ചിലവന്നൂർ തോട് മുറിഞ്ഞ് കാരണക്കോടം, ചങ്ങാടംപോക്ക് തോടുകൾ രൂപപ്പെട്ടതോടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടു. ഇതോടൊപ്പം പല സ്ഥലത്തും തോടിന്റെ വീതി കുറഞ്ഞു. മുല്ലശേരി കനലിന്റെ വീതി കുറയുകയും അടിത്തട്ട് ഉയരുകയും ചെയ്തതോടെ വെള്ളം പൊങ്ങി.
രമേശ്വരം കനാൽ പല ഭാഗത്തും ശോഷിച്ചു. പുഞ്ചത്തോടിന് കുറുകെ നടന്ന നിർമാണ പ്രവർത്തനങ്ങൾ ഒഴുക്കിനെ ബാധിച്ചു. കനാലുകളിലേക്ക് തുറക്കുന്ന മാലിന്യക്കുഴലുകൾ എത്രയുംവേഗം നീക്കം ചെയ്യാൻ ജലസേചനവകുപ്പ് നോട്ടീസ് നൽകും.