Wed. Jan 22nd, 2025

കായംകുളം ∙

ദേശീയപാതയിൽ കൃഷ്ണപുരം–ഹരിപ്പാട് മാധവ ജംക്‌ഷൻ  ഭാഗത്തെ കുഴികൾ അടയ്ക്കുന്ന ജോലികൾ തുടങ്ങി. ഇതോടെ കായംകുളത്ത് വൻ ഗതാഗത കുരുക്കാണുണ്ടായത്. ഇതുകാരണം യാത്രക്കാർ വലഞ്ഞു.

വൺവേ ട്രാഫിക് സംവിധാനമൊരുക്കി വാഹനങ്ങൾ കടത്തിവിടാനുള്ള ശ്രമമാണു നടക്കുന്നത്.  ഒട്ടേറെ ഇരുചക്ര വാഹനക്കാർ അപകടത്തിൽപ്പെട്ട റോഡിൽ വിവിധ ഭാഗങ്ങളിലായി നൂറിലേറെ കുഴികൾ രൂപപ്പെട്ടിരുന്നു. ജോലികൾ കൃഷ്ണപുരത്ത് നിന്നാണ് ആരംഭിച്ചത്.

ഓണത്തിന് മുൻപ് ഹരിപ്പാട് മാധവ ജംക്‌ഷൻ വരെയുള്ള കുഴികൾ അടയ്ക്കാനാണ് തീരുമാനം. അറ്റകുറ്റപ്പണികൾക്കായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.വിവിധ യന്ത്ര സാമഗ്രികളുടെ സഹായത്തോടെ ദേശീയപാതയുടെ നിലവാരം നിലനിർത്തിയാണ് അറ്റകുറ്റപ്പണി നടക്കുന്നത്.

ചങ്ങനാശേരി പാലത്ര കൺസ്ട്രക്ഷൻസാണ് നിർമാണ കരാർ എടുത്തിരിക്കുന്നത്. നിലവിലുള്ള കുഴികൾ ഉന്നത നിലവാരത്തിൽ അടയ്ക്കുന്നതോടൊപ്പം സമീപത്തുണ്ടാകുന്ന  പുതിയ കുഴികൾ അടയ്ക്കാനുള്ള  തുക കൂടി അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് പൊതുമരാമത്ത് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

കുഴി അടച്ചാലും മഴ പെയ്യുന്നതോടെ പഴയ ടാർ ഭാഗങ്ങൾ ഇളകാൻ സാധ്യതയേറെയാണ്. ഇത് ബോധ്യപ്പെടുത്തുന്നതിനായി  ഹൈവേ അതോറിറ്റി പ്രതിനിധികളെ ജില്ലയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

By Rathi N