ചേർത്തല ∙
പേരിനൊരു പാലമുണ്ട് – പുലയൻകരി പാലം. പക്ഷേ സഞ്ചരിക്കണമെങ്കിൽ അടുത്തുള്ള തടിപ്പാലം വേണം. പുതിയതായി നിർമിച്ച പുലയൻകരി പാലം സമീപന റോഡ് നിർമിക്കാത്തതിനെ തുടർന്ന് കാഴ്ച വസ്തുവായി മാത്രം നിലകൊള്ളുന്നു .
തണ്ണീർമുക്കം പഞ്ചായത്ത് മൂന്ന്, 20 വാർഡുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. ഒന്നരമീറ്റർ വീതിയുള്ള , ഗതാഗത യോഗ്യമല്ലാത്ത പാലമാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. ഇരുചക്ര വാഹനങ്ങൾ തള്ളി കയറ്റിയിരുന്നു.
അത് പൊളിച്ചാണ് 4 മീറ്റർ വീതിയിലും ഏഴര മീറ്റർ നീളത്തിലുമായി സഞ്ചാരയോഗ്യമായ പുതിയ പാലം നിർമിച്ചത്. ജില്ലാപഞ്ചായത്തിന്റെ 19 ലക്ഷം രൂപയാണ് ആകെ ചെലവ്. ആദ്യം ഫണ്ട് അനുവദിച്ചിട്ടും നിർമാണം ഏറ്റെടുക്കാൻ കരാറുകാർ എത്തിയിരുന്നില്ല.
ജനപ്രതിനിധികൾ ഇടപെട്ടാണ് കരാറുകാരെ ക്രമീകരിച്ചത്. വെള്ളിയാകുളം, ചാലിപ്പള്ളി പ്രദേശവുമായി ബന്ധപ്പെട്ട് നൂറുകണക്കിനു യാത്രക്കാർക്ക് പ്രയോജനകരമാകുന്നതാണ് പാലം. ഇപ്പോൾ പഴയതും പുതിയതുമായ പാലം ഇല്ലാത്ത അവസ്ഥയാണ് നാട്ടുകാർക്ക്.
സുരക്ഷാഭീഷണിയുള്ള തടിപ്പാലത്തിലൂടെയാണ് വിദ്യാർത്ഥികളും വയോധികരും സഞ്ചരിക്കുന്നത്. കരാറുകാരന് ബില്ല് മാറാത്തതിനാലും കൊവിഡ് പശ്ചാത്തലത്തിലുണ്ടായ അസൗകര്യങ്ങളെ തുടർന്നുമാണ് നിർമാണം പൂർത്തിയാകാൻ വൈകുന്നത് എന്നാണ് വിവരം. ഉടനെ ശരിയാകുമെന്നും അധികൃതർ പറയുന്നു.