ആലപ്പുഴ:
നേരേകടവ് -മാക്കേക്കടവ് പാലത്തിന്റെ നിർമാണം പുനരാരംഭിക്കും. സ്ഥലമെടുപ്പിന്റെ തടസ്സം നീങ്ങി. സെപ്തംബറിനുമുമ്പ് ഭൂവുടമകൾക്ക് പണം നൽകി അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കാനുള്ള ഉദ്യോഗസ്ഥതല നടപടി ആരംഭിച്ചു.
റവന്യൂമന്ത്രി കെ രാജന്റെ നേതൃത്വത്തിൽ പാലത്തിന്റെ അപ്രോച്ച് റോഡിനായുള്ള ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് യോഗം ചേർന്നതോടെയാണ് തടസ്സം നീങ്ങിയത്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച പരസ്യം ഉടൻ പ്രസിദ്ധീകരിക്കും. സെപ്തംബറിനകം പൊതുമരാമത്ത് വകുപ്പിന് സ്ഥലം കൈമാറും.
തുടർന്ന് പാലംനിർമാണം പുനരാരംഭിക്കും.
തുറവൂർ- പമ്പ പാതയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണ് നേരേകടവ് -മാക്കേക്കടവ് പാലം. തൈക്കാട്ടുശേരി–തുറവൂർ പാലം പൂർത്തിയായി.
ആലപ്പുഴ–കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന നേരേകടവ്- മാക്കേക്കടവ് പാലത്തിന് 800 മീറ്റർ നീളവും 750 മീറ്റർ ക്യാരേജ് വേയുമുണ്ട്. ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ട്. 22 സ്‌പാനോടുകൂടിയ പാലത്തിന്റെ നടുഭാഗത്തായി 47.16 മീറ്റർ നീളത്തിൽ നാവിഗേഷൻ സ്‌പാനും 35.76 മീറ്റർ നീളമുള്ള നാല് സ്‌പാനും 35.09 മീറ്റർ നീളമുള്ള 16 സ്‌പാനുമാണുള്ളത്.
മധ്യഭാഗത്തെ 47 മീറ്റർ നീളത്തിലുള്ള രണ്ടു സ്‌പാനുകളുടെ നിർമാണം ഏകദേശം പൂർത്തിയായി. പാലത്തിന്റെ ഇരുകരകളിലുമായി 60 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുമുണ്ട്. മാക്കേക്കടവ് ഭാഗത്ത് ഇരുവശത്തും നേരെകടവ് വടക്കുഭാഗത്തും സർവീസ് റോഡുമുണ്ട്.
2011–12 വർഷത്തെ ബജറ്റിലാണ് തുറവൂർ-പമ്പാ റോഡിനായി 151 കോടി രൂപ പ്രഖ്യാപിച്ചത്. തുറവൂർ, തൈക്കാട്ടുശേരി, ഉദയനാപുരം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, പൊൻകുന്നം, എരുമേലി വഴി പമ്പയിൽ എത്തുന്നതാണ് പാത. തുറവൂർ ക്ഷേത്രം, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ, എരുമേലി തുടങ്ങി ഒട്ടേറെ തീർഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പാത കടന്നുപോകുന്നത്.