Thu. Dec 26th, 2024
കട്ടപ്പന:

മുരിക്കാട്ടുകുടി ഗവ ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്രൈമറി വിഭാഗം കുട്ടികൾക്ക് ഇത്തവണ അധ്യാപികയുടെ സമ്മാനം ഓണക്കോടികൾ. പ്രൈമറി വിഭാഗം അധ്യാപിക ലിൻസി ജോർജ് ആണ് സുമനസ്സുകളുടെ സഹായത്തോടെ പണം സ്വരൂപിച്ച് 75 കുട്ടികൾക്ക് ഓണക്കോടി നൽകുന്നത്.

കോവിഡ് മൂലം അധ്യാപകരെയും സഹപാഠികളെയും കാണാനാകാതെ വീടുകളിൽ കഴിയുന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിനും രക്ഷിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയുമാണ് അധ്യാപികയുടെ മാതൃകാപരമായ പ്രവർത്തനം. 1 മുതൽ 4 വരെയുള്ള ക്ലാസുകളിലെ 43 ആൺകുട്ടികൾക്ക് മുണ്ടും ടീഷർട്ടുമാണ് നൽകുക.

32 പെൺകുട്ടികൾക്ക് പാവാടയും ബ്ലൗസും തയ്ക്കാനുള്ള തുണിയും നൽകും. അധ്യാപികയുടെ സുഹൃത്തുക്കളിൽ നിന്നും മറ്റുമായി 40,000 രൂപ സമാഹരിച്ചാണ് ഓണക്കോടി നൽകാൻ ആവശ്യമായ തുക കണ്ടെത്തിയത്. ഓണക്കോടിയുടെ വിതരണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

പ്രിൻസിപ്പൽ അബ്ദുൽ റസാക്ക്, പിടിഎ പ്രസിഡന്റ് കെ ആർ സുകുമാരൻ നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ലോക്ഡൗൺ കാലത്ത് വിദ്യാർഥികൾക്ക് ഭക്ഷ്യക്കിറ്റുകളും മാലിന്യ സംസ്‌കരണ യൂണിറ്റുകളും ഗണിത കിറ്റുകളും എത്തിച്ചു നൽകി ഈ അധ്യാപിക ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചിരുന്നു.

By Divya