Wed. Jan 22nd, 2025

കല്ലടിക്കോട്∙

കല്ലടിക്കോടൻ മലയോര മേഖലയെ ഭീതിയിലാക്കി പട്ടാപ്പകൽ വീട്ടമ്മയ്ക്കു നേരെ പുലിയുടെ ആക്രമണം. കരിമ്പ മരുതംകാട് കളത്തിൽ പറമ്പിൽ മാത്തൻ തോമസിന്റെ ഭാര്യ സാലി (49 ) യാണ് പുലിയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് വീട്ടിൽ വളർത്തുന്ന നായയ്ക്ക് തീറ്റ കൊടുക്കാനായി എത്തിയപ്പോഴാണ് കൂടിന് പിന്നിൽനിന്നു പുലി ദേഹത്തേക്ക് ചാടിയത്. നിലവിളിച്ച് മറിഞ്ഞ് വീണതോടെ പുലി സമീപത്തെ വീടിന്റെ സമീപത്തുള്ള റബർ തോട്ടത്തിലേക്ക് ഒടി മറഞ്ഞു.

ദിവസങ്ങൾക്ക് മുൻപ് ഇവരുടെ സമീപത്തു താമസിക്കുന്ന ചക്കുമാരെവീട്ടിൽ ഹരീഷിന്റെ വളർത്തുനായ പുലിയുടെ കൊന്നിരുന്നു. സമീപ പ്രദേശങ്ങളായ മൂന്നേക്കർ, പാങ്ങ്, മീൻവല്ലം, തുടിക്കോട് തുടങ്ങിയ പ്രദേശങ്ങളിലും പുലി ശല്യമുണ്ട്.

ആടുകളേയും നായകളേയുമാണ് പുലി ആക്രമിച്ച് കൊല്ലുന്നത്. നിരവധി വളർത്തുമൃഗങ്ങളെ കൊന്നതോടെ 2 വർഷം മുൻപ് തുടിക്കോട് പുലിക്ക് കെണി ഒരുക്കിയെങ്കിലും വിജയിച്ചില്ല.

By Rathi N