കോട്ടയം:
തിരുവാർപ്പ് മലരിക്കൽ പാടത്ത് ആമ്പൽ ഫെസ്റ്റിന് തുടക്കമായി. പിങ്ക് വസന്തം തേടിയെത്തുന്നവരെ വരവേൽക്കാൻ നാട് ഒരുങ്ങിനിൽക്കെ, മന്ത്രി വി എൻ വാസവൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാണ് മേള. ഇതിനിടയിലും ആദ്യദിനംതന്നെ പിങ്ക് വസന്തം തേടി നിരവധിപേർ മലരിക്കലിലെ പൂപ്പാടത്തെത്തി.
ആയിരം ഏക്കറോളം സ്ഥലത്താണ് ആമ്പലുകൾ വിരിഞ്ഞിട്ടുള്ളത്. കാണാൻ എത്തുന്നവരെ വള്ളങ്ങളിൽ ആമ്പലുകൾക്ക് അടുത്ത് എത്തിക്കും. ഇതിന് 190 വള്ളമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ തുഴച്ചിലുകാർക്കും വാക്സിനേഷൻ നൽകിയിട്ടുണ്ട്.
ഒക്ടോബർ 15വരെ ആമ്പൽ വസന്തം രാവിലെ ആറുമുതൽ 10 വരെ കാണാനാകും. പ്രവേശനഫീസ് 30 രൂപയാണ്. മേളയിലെത്തുന്നവരുടെ വാഹനങ്ങൾ കാഞ്ഞിരം പാലത്തിനുസമീപം പാർക്ക് ചെയ്ത് നടന്നോ ഓട്ടോയിലോ പോകാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ വാക്സിൻ സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റോ കരുതണം. തിരുവാർപ്പ്, ജെ ബ്ലോക്ക്, തിരുവായ്കരി പാടശേഖരങ്ങളിലെ കർഷകർക്ക് മേളയുടെ ഭാഗമായി സന്ദർശക പാസുമൂലം ശേഖരിക്കുന്ന തുകയുടെ മുഖ്യപങ്കും ലഭ്യമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
നദീപുനഃസംയോജന പദ്ധതി ജനകീയ കൂട്ടായ്മ, മലരിക്കൽ ടൂറിസം സൊസൈറ്റി, തിരുവാർപ്പ് പഞ്ചായത്ത്, കാഞ്ഞിരം സർവിസ് സഹകരണ ബാങ്ക്, ജില്ല ടൂറിസം പ്രമോഷൻ കൗണ്‍സിൽ എന്നിവരാണ് സംഘാടകർ.