Sat. Nov 23rd, 2024

കൊച്ചി:

നാലുമാസത്തിനുശേഷം പൂട്ടുവീഴാത്ത ഞായറാഴ്‌ച ഓണവിപണി കൂടുതൽ ഉഷാറായി. കടകളിൽ സാധനങ്ങൾ വാങ്ങാൻ കൂടതൽപേർ എത്തി. കച്ചവടസ്ഥാപനങ്ങളുടെ പ്രവർത്തനം രാത്രി ഒമ്പതുവരെയാക്കിയതിനാൽ വൈകിട്ടും തിരക്ക്‌ അനുഭവപ്പെട്ടു.

നഗരത്തിലെ പ്രധാന ഷോപ്പിങ്‌ കേന്ദ്രമായ ബ്രോഡ്‌വേയിൽ രാവിലെമുതൽ വൻ തിരക്കായിരുന്നു. വഴിയോരക്കച്ചവടക്കാരും നഗരത്തിലെ പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച്‌ കച്ചവടം നടത്തി. എംജി റോഡ്‌, കലൂർ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലും കടകൾ തുറന്നു.

തുണിക്കടകളിലാണ്‌ കൂടുതൽ തിരക്ക്‌. ഓഫറുകളും കിഴിവുകളും പല കടകളും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഷോപ്പിങ്‌ മാളുകളിലെ തുണിക്കടകളും ഓഫറുകൾ നൽകിയിട്ടുണ്ട്‌.

നോർത്തിലും പ്രധാന റോഡുകൾ കേന്ദ്രീകരിച്ചും പൂ വിൽപ്പന തകൃതിയായി. സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും വിനോദസഞ്ചാരവകുപ്പും ഇത്തവണ പൂക്കളമത്സരങ്ങൾ ഓൺലൈനിലാണ്‌ സംഘടിപ്പിക്കുന്നത്‌.

എങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ കച്ചവടം കൂടുതൽ നടക്കുമെന്ന പ്രതീക്ഷയിലാണ്‌ പൂ കച്ചവടക്കാർ. ജമന്തി, വാടാമല്ലി, റോസ്‌, പിച്ചി, മുല്ല ഉൾപ്പെടെയുള്ളവ തമിഴ്‌നാട്ടിൽനിന്ന്‌ എത്തിയിട്ടുണ്ട്‌. തദ്ദേശീയമായി കൃഷി ചെയ്‌ത പൂക്കളും വിപണിയിലുണ്ട്‌.

പായസവിപണിയും പതിയെ ഉണർന്നു. വിവിധ വിപണന മേളകളിലും ബേക്കറികളിലും ഓണരുചിയുമായ അടപ്രഥമനും പാൽപ്പായസവും പാലടയുമെല്ലാം ഇടംപിടിച്ചിട്ടുണ്ട്‌.

അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, സാമ്പാർ–രസപ്പൊടികൾ, മുറുക്ക്, ബോളി, പപ്പടം, കായ വറുത്തത് തുടങ്ങിയവയുടെ വിൽപ്പനയും സജീവമായി. കച്ചവടസ്ഥാപനങ്ങൾ മാനദണ്ഡപ്രകാരണ്‌ പ്രവർത്തിക്കുന്നതെന്ന്‌ ഉറപ്പാക്കാൻ പൊലീസിന്റെ കർശന പരിശോധന ഞായറാഴ്‌ചയും നടന്നു.

By Rathi N