Mon. Dec 23rd, 2024

അരൂക്കുറ്റി:

ഓണനാളുകളിൽ കുടിവെള്ളം എത്തിയില്ലെങ്കിൽ തിരുവോണത്തിന് പട്ടിണിയിരിക്കുമെന്ന് അരൂക്കുറ്റികായലിലെ ദ്വീപു നിവാസികൾ. നാൽപ്പത്താറ് ദിവസം കഴിഞ്ഞിട്ടും ദ്വീപുകളിൽ കുടിവെള്ളപൈപ്പിന്‍റെ കേടുപാടുകൾ തീർക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. എന്ന് പൈപ്പിന്‍റെ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയുമെന്ന് ആർക്കും ഒരു തിട്ടവുമില്ല.

കുടിവെളളം ഇല്ല എന്ന വിവരം അറിഞ്ഞ് പഞ്ചായത്ത് മെമ്പർ ആവശ്യമായ കുടിവെള്ളം എത്തിച്ചതല്ലാതെ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ദ്വീപു നിവാസികളായ സത്യൻ, മുരുകേശൻ, പ്രേമൻ , ദിനേശൻ , കൊച്ചു കൃഷ്ണൻ എന്നിവർ പറഞ്ഞു.

വേഗസൂപ്പർഫാസ്റ്റ് ബോട്ട് അരൂക്കുറ്റി ബോട്ടുജെട്ടിയിൽ അടപ്പിക്കുന്നതിന് വേണ്ടി ബോട്ട് ചാലിന്‍റെ ആഴം കൂട്ടുന്നതിന് മണ്ണ് കോരുന്നതിനിടയിലാണ് അരൂക്കുറ്റി കായലിലെ ദ്വീപു കളിലേക്ക് ഇട്ടിരുന്ന കുടിവെളള പൈപ്പുകൾ പൊട്ടിയത്.

പൈപ്പിന്‍റെ തകരാറുകൾ കണ്ടുപിടിക്കാൻ തന്നെ ദിവസങ്ങൾ എടുത്തു. കായലിന്‍റെ ആഴങ്ങളിൽ എത്തി പൈപ്പ് തകരാർ പരിഹരിക്കുന്ന ജോലിക്കാരെ തൃശൂരിൽ നിന്നും വരുത്തിയാണ് പൈപ്പിന്‍റെ തകരാർ മാറ്റാൻ ശ്രമിച്ചത്. എന്നാൽ ശരിയാക്കാൻ കഴിയാത്തവിധം പൈപ്പുകൾ നശിച്ചു പോയിരുന്നു.

തൽക്കാലത്തേക്കെങ്കിലും കുടിവെള്ളം എത്തിക്കാൻ അറുപത്തിഅയ്യായിരം രൂപയുടെ പൈപ്പ് വാങ്ങേണ്ടിയിരുന്നു. ഇതിനാവശ്യമായതുക അരൂക്കുറ്റി പഞ്ചായത്ത് നൽകാമെന്ന് ഏറ്റെട്ടും കുടിവെളള പൈപ്പിന്‍റെ പണികൾ ഇതുവരെ നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ദ്വീപു നിവാസികൾ തിരുവോണനാളിൽ കുടിവെള്ളം എത്തിയില്ലെങ്കിൽ പട്ടിണിയിരിക്കാൻ തീരുമാനിച്ചത്.

By Rathi N