Wed. Dec 18th, 2024

ഗുരുവായൂർ:

കർഷിക സമൃദ്ധിയുടെ സ്മരണകളുണർത്തി  ഗുരുവായൂർ ക്ഷേത്രത്തിൽ വെള്ളിയാഴ്ച   ഇല്ലംനിറ ആഘോഷിച്ചു. രാവിലെ 8.46- മുതലായിരുന്നു  ചടങ്ങ്. വ്യാഴാഴ്ച രാത്രി കിഴക്കേനടയിലെ കല്യാണ മണ്ഡപത്തിന് സമീപം 600ഓളം കറ്റകൾ എത്തിച്ചിരുന്നു.

ക്ഷേത്ര ഗോപുരത്തിന് മുൻവശം അടിയന്തര പ്രവർത്തിക്കാരായ പത്തുകാരായ വാര്യർമാർ  അരിമാവണിഞ്ഞ് വലിയ നാക്കിലകൾവച്ചു. മനയത്ത്, അഴീക്കൽ കുടുംബത്തിലെ അവകാശികളായ സതീശൻ, കൃഷ്ണകുമാർ, വിജയൻ നായർ എന്നിവർ 250   കതിർകറ്റകളും പഴുന്നാന ആലാട്ട് വേലപ്പൻ സമർപ്പിച്ച 51 കതിർകറ്റകളും കീഴ്ശാന്തിമാർ  തലച്ചുമടായി കൊണ്ടുവന്ന് നാക്കിലയിൽ സമർപ്പിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി.

മേൽശാന്തി ഹരീഷ് നമ്പൂതിരി പൂജ നടത്തി. നമസ്കാരമണ്ഡപത്തിൽ വച്ച കതിർക്കറ്റകൾക്ക് ആല്, മാവ്, പ്ലാവ്, അല്ലി, ഇല്ലി, ഒടിച്ചുകുത്തി, ദശപുഷ്പം തുടങ്ങിയ നിറക്കോപ്പുകൾ വച്ചു. കതിരിൽ ഒരു പിടി പട്ടിൽ പൊതിഞ്ഞ് ശ്രീലകത്ത് ചാർത്തിയതോടെ ഇല്ലംനിറ ചടങ്ങ് സമാപിച്ചു.

പൂജിച്ച നെൽക്കതിരുകൾ പിന്നീട് വിതരണം ചെയ്തു.   പുതിയ നെൽക്കതിരിൽ നിന്നുള്ള അരികൊണ്ട് പുത്തരിപ്പായസമുണ്ടാക്കി ക്ഷേത്രത്തിൽ നിവേദിക്കുന്ന  തൃപ്പുത്തരി ചടങ്ങ് ശനിയാഴ്ച  രാവിലെ നടക്കും.

By Rathi N