Mon. Dec 23rd, 2024

പാലക്കാട്:

പ്രതിസന്ധിക്കിടയിലും ഓണ വിപണി സജീവമായി. വിപണിയിൽ ആളനക്കമുണ്ടായതിന്റെ പ്രതീക്ഷയിലാണ് വ്യാപാരികൾ. പച്ചക്കറി വിപണിയിലാണ് വലിയ ഉണർവ് കാണാനായത്‌.

തമിഴ്നാട്ടിൽനിന്ന് പച്ചക്കറി വരവ് കൂടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലേതിനെക്കാൾ അമ്പതിലധികം പച്ചക്കറി വാഹനങ്ങൾ അതിർത്തി കടന്നെത്തി. അടുത്ത ആഴ്ചയോടെ കൂടുതൽ പച്ചക്കറി വാഹനം എത്തുമെന്ന് വ്യാപാരികൾ പറഞ്ഞു.

തിരക്ക് ഒഴിവാക്കാൻ പലചരക്ക് കടകളിൽ കിറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. കടകളിൽ സാമ്പാർ വിഭവങ്ങളെല്ലാം ചേർത്ത് ഒരു കിറ്റാണ് ഒരുക്കിയിരിക്കുന്നത്. 100 മുതൽ 150 രൂപ വിലവരുന്ന കിറ്റുകൾ ലഭ്യം.

പച്ചക്കറി വില കാര്യമായി ഉയർന്നിട്ടില്ലെങ്കിലും അടുത്ത ആഴ്ചയോടെ വിലയിൽ ചെറിയ മാറ്റമുണ്ടാകുമെന്നാണ് ആശങ്ക. മാളുകൾകൂടി തുറന്നതോടെ യുവാക്കളും സാധനങ്ങൾ വാങ്ങാനെത്തുന്നുണ്ട്. മാളുകളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല.

തുണിക്കടകളിലും തിരക്കുണ്ട്‌. ഓണക്കോടിക്കും കല്യാണ ആവശ്യത്തിനും കൂടുതൽ പേർ എത്തുന്നുണ്ട്.
ടോക്കൺ നൽകിയാണ് പല കടകളിലും ആളുകളെ പ്രവേശിപ്പിക്കുന്നത്.
ആളുകളെ ആകർഷിക്കാൻ തുണിക്കടകളും ഇലക്‌ട്രോണിക്-സ് സ്ഥാപനങ്ങളും ഓഫർ പ്രഖ്യാപിച്ചു.

പല സ്ഥാപനങ്ങളും സാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകുന്നുണ്ട്‌. ഓൺലൈൻ വ്യാപാരം പൊടിപൊടിക്കുന്നു ഓണ തിരക്കിലേക്ക് വരാൻ മടിക്കുന്ന മലയാളികൾക്കായി ഓഫറുകളുടെ പൂരമൊരുക്കുകയാണ് ഓൺലൈൻ വ്യാപാരം.

തുണി, ഇലക്‌ട്രോണിക്-സ് സാധനങ്ങൾ എന്നിവയ്‌ക്കു പുറമെ പലചരക്ക് സാധനങ്ങളും ഓൺലൈനായി വീടുകളിലെത്തിക്കുന്നു. പ്രധാന ന​ഗരങ്ങൾ കേന്ദ്രീകരിച്ച് പ്രമുഖ ബ്രാൻഡുകൾക്ക് സർവീസുണ്ട്. ഗ്രാമങ്ങളിലേക്കും സേവനം വ്യാപിച്ചു.

By Rathi N