Fri. Nov 22nd, 2024

മൂവാറ്റുപുഴ:

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ നെയ്ത്തുകാരുടെ പ്രതീക്ഷക്കും ചിറകു മുളച്ചു. മേക്കടമ്പ് ഗ്രാമത്തിലെ മൂവാറ്റുപുഴ ഹാൻറ്ലൂം വേവേഴ്സ് ഇൻഡസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നെയ്ത്തുശാലയിലെ തറികൾ വീണ്ടും ചലിച്ചു തുടങ്ങി. ഈ ഓണകാലത്തെ പ്രതീക്ഷയോടെ വരവേൽക്കുകയാണ് മൂവാറ്റുപുഴ മേക്കടമ്പിലെ നെയ്ത്തു തൊഴിലാളികൾ.

കൊവിഡ് പ്രതിസന്ധി മൂലം ഉൽപന്നങ്ങൾ വിറ്റഴിക്കാനാകാതെ കഴിഞ്ഞ ഓണവും, വിഷുവും, പെരുന്നാളുകളുമെല്ലാം ഇവർക്ക് നഷ്ടപെട്ടിരുന്നു. നിയന്ത്രണങ്ങളിൽ എല്ലാം അടഞ്ഞപ്പോൾ തറികളുടെ ശബ്ദവും നിലച്ചിരുന്നു. നേരത്തെ നെയ്തുവച്ചിരുന്ന മുണ്ടുകളും തോർത്തുമെല്ലാം ചില്ലലമാരിയിൽ ഒതുങ്ങികൂടി.

ഇക്കുറി നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ ഇവർ വൻ പ്രതീക്ഷയിലാണ്. ഒരുകാലത്ത് മൂവാറ്റുപുഴയിലെ നെ യ്ത്തുകാരുടെ കേന്ദ്രമായിരുന്നു മേക്കടമ്പ്. നെയ്ത്ത് ശാലപടി എന്ന സ്ഥലവും ഇവിടെ ഉണ്ട്.

ഒരു കാലത്ത് തറികളുടെ ശബ്ദം മാത്രമാണ് ഇവിടെ കേട്ടിരുന്നത്. എന്നാൽ ആകാലമെല്ലാം പോയിമറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ വ്യത്യസ്തമായ വ്യവസായത്തിന്റെ ശേഷിപ്പുകളൊന്നും ബാക്കിയാക്കാതെ വിസ്മൃതിയിലായിട്ട് നാളുകളായി.

ഒരിഴ, ഈരിഴ, ചുട്ടി, കര, കളർ എന്നിങ്ങനെ തോർത്തുകളാണ് പ്രധാനമായും നേരത്തെ ഇവിടെ നെയ്തിരുന്നത്. നിരവധി പേർ പണിയെടുത്തിരുന്ന നെയ്ത്തുശാലകളെ കൂടാതെ വീടുകളിൽ തറിയിട്ട് നെയ്യുന്ന രീതിയും ഉണ്ടായിരുന്നു.

ആന, ഡബിൾ ആന, പശു, 555, പൂവ് തുടങ്ങിയ നിരവധി ബ്രാൻറുകളിൽ തൃശൂർ മുതൽ തിരുവനന്തപുരം വരെ ഇവിടുത്തെ തറികളിൽ നെയ്ത തോർത്തുകൾ എത്തിയിരുന്നു. കാലം മാറിയതോടെ പലരും തൊഴിൽ ഉപേക്ഷിച്ചു പോയി. പുതു തലമുറ ഈ രംഗത്തേക്ക് എത്തിയുമില്ല.

നിലവിൽ മൂവാറ്റുപുഴ ഹാൻറ്ലൂം വേവേഴ്സ് ഇൻഡസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ കുറച്ചു തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ രംഗത്ത് ഉള്ളത്. തോർത്തുകൾക്ക് പുറമെ, ഒറ്റമുണ്ട്, ബഡ് ഷീറ്റ്, കാവി മുണ്ട്, കുട്ടികളുടെ യൂനിഫോം തുടങ്ങിയവയാണ് ഇവിടെ നിർമിക്കുന്നുണ്ട്.

നല്ല നിലയിൽ പ്രവർത്തിക്കുന്ന ഇവിടെ നിരവധി തൊഴിലാളികൾ പണി എടുക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയിൽ സ്ഥാപനം അടഞ്ഞതോടെ കഴിഞ്ഞ ഉൽസവ സീസൺ പൂർണമായും നഷ്ടമായിരുന്നു. ഇക്കുറി ഇതിൽനിന്നും കരകയറാനാകുമെന്ന പ്രതീക്ഷയിലാണിവർ. ഓണക്കാലം ആണ് ഇവരെ പിടിച്ചു നിർത്തുന്നത്.

By Rathi N