Mon. Dec 23rd, 2024
കോഴിക്കോട്:

അതിജീവന സമരവുമായി കലാകാരൻമാർ തെരുവിലിറങ്ങി. നാടകത്തിലെയും നൃത്തവേദിയിലെയും ചമയങ്ങളും സംഗീത ഉപകരണങ്ങളുമായാണ് കോഴിക്കോട്ടെ കലാകാരൻമാർ ടൗൺഹാളിനു മുൻപിൽ സഹനത്തിന്റെ നിൽപുസമരവുമായെത്തിയത്. കൊവിഡ് സാഹചര്യത്തിൽ 2 വർഷമായി തൊഴിൽ നഷ്ടമായ കലാകാരൻമാർ, മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നൻമയുടെ നേതൃത്വത്തിലാണ് പ്ലക്കാർഡുകളേന്തി പ്രതിഷേധിച്ചത്.

2 സീസൺ തൊഴിൽ നഷ്ടപ്പെട്ട് മൂന്നാമത്തെ സീസൺ നഷ്ടമാകുമോയെന്ന ആശങ്കയിൽ കഴിയുന്ന കലാകാര സമൂഹത്തിന്റെ ജീവിത ദൈന്യം സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് സഹനസമരവുമായി തെരുവിലിറങ്ങിയതെന്നു കലാകാരൻമാർ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അനുവദനീയമായ കലാകാരൻമാരെ മാത്രം പങ്കെടുപ്പിച്ചായിരുന്നു സമരം.

ഓണത്തിനു കലാകാരൻമാർക്ക് പ്രത്യേക ധനസഹായം അനുവദിക്കുക, കലാകാരൻമാരുടെ തൊഴിലിടങ്ങൾ തുറക്കാൻ അനുവദിക്കുക, ക്ഷേമനിധിയിലേക്ക് ബജറ്റിൽ തുക വകയിരുത്തി കലാകാരക്ഷേമം ഉറപ്പു വരുത്തുക, തദ്ദേശ വിനോദ സഞ്ചാരം, വിദ്യാഭ്യാസ വകുപ്പുകളിൽ പ്രാദേശിക കലാകാരൻമാർക്ക് കൂടുതൽ സ്ഥിരമായ തൊഴിലവസരങ്ങൾക്ക് പദ്ധതി തയാറാക്കി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ ഉദ്ഘാടനം ചെയ്തു.

നന്മ ജില്ലാ പ്രസിഡന്റ് വിൽസൺ സാമുവൽ അധ്യക്ഷ്യം വഹിച്ചു. നന്മയുടെ വനിത വിഭാഗമായ സർഗ വനിത സംസ്ഥാന ജനറൽ സെക്രട്ടറി ജാനമ്മ കുഞ്ഞുണ്ണി, കലാമണ്ഡലം സത്യവ്രതൻ, പ്രദീപ് ഗോപാൽ, മുരളീധർ പറയഞ്ചേരി, എൽസി സുകുമാരൻ, ഗിരീഷ് ഇല്ലത്തുതാഴം, മുരളി ബേപ്പൂർ, സുഭാഷ് ചന്ദ്രബോസ്, അജിത നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. നന്മയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സഹന സമരം നടത്തി.