Fri. Nov 22nd, 2024

ആലപ്പുഴ:

ഈ ജൈവ ടൂറിസം കേന്ദ്രത്തിലെ വിസ്‌മയകാഴ്‌ചകള്‍ ഇനി പൊതുജനങ്ങള്‍ക്ക് കൺകുളിരെ കാണാം. ദേശീയപാതയോരത്ത് കണിച്ചുകുളങ്ങരയിൽ  സില്‍ക്കിന്റെ 15 ഏക്കര്‍ സ്ഥലത്ത് കെ കെ കുമാരന്‍ പാലിയേറ്റീവ് ആൻഡ്‌ പാലിയേറ്റീവ്‌ കെയര്‍ സൊസൈറ്റിയാണ് പൂക്കളുടെ വര്‍ണപ്രപഞ്ചം തീര്‍ത്തത്.

ജൈവോത്സവം 2021 എന്ന പേരിലെ ഈ പ്രദർശനത്തോട്ടം ഒരുക്കിയത് ഹരിതമിത്ര അവാര്‍ഡ് ജേതാവ് ശുഭകേശനാണ്. തിരുവോണം വരെ  പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകും. സൂര്യകാന്തിയും ചെണ്ടുമല്ലിയുമാണ് മുഖ്യ ആകര്‍ഷണം. 3000 ചുവട് സൂര്യകാന്തിയും 2500 ചുവട് ചെണ്ടുമല്ലിയും പൂത്തുതുടങ്ങി.

ചെണ്ടുമല്ലി ഒരുക്കിയിരിക്കുന്നത് വൃത്താകൃതിയിലാണ്. പീച്ചില്‍, പടവലം, പാവല്‍, വെണ്ട, തക്കാളി തുടങ്ങി 13 ഇനം പച്ചക്കറികളുണ്ട് . മുളയില്‍ തീര്‍ത്ത പാലം, കുളത്തിന് നടുവില്‍ കുടില്‍, വിശ്രമിക്കാന്‍ വിവിധ ഇടങ്ങളില്‍ ഇരിപ്പിടം, കപ്പയും മുളകുചമ്മന്തിയും ഉള്‍പ്പെടെ കിട്ടുന്ന നാടന്‍ ഭക്ഷണശാല, ഫ്രഷ് ജ്യൂസ്, ഐസ്‌ക്രീം പാര്‍ലര്‍ എല്ലാം സജ്ജമാണ്.

ദിവസവും പായസമേളയും ഉപ്പേരിയും ഉണ്ട്.
വിവാഹം, സേവ് ദ ഡേറ്റ് തുടങ്ങിയവയ്‌ക്ക്‌ ഫോട്ടോ ഷൂട്ടിന് സൗകര്യവും, സെല്‍ഫി പോയിന്റും തയ്യാറായി. കഞ്ഞിക്കുഴി പയര്‍, സൂര്യകാന്തി ഉള്‍പ്പെടെയുള്ള വിത്തുകളും പച്ചക്കറിത്തൈകളും വളങ്ങളും വില്‍ക്കുന്ന സ്‌റ്റാളുണ്ട്. 30 രൂപയാണ് പ്രവേശനഫീസ്.

വ്ളോഗർ മാർക്കായി മത്സരവും സംഘടപ്പിച്ചിട്ടുണ്ട്. മികച്ച പോസ്‌റ്റുകൾക്ക് സമ്മാനം നൽകും. 5000, 3000, 1000 എന്നിങ്ങനെയാണ് സമ്മാനം
ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആര്‍ നാസര്‍ ജൈവ ടൂറിസം കേന്ദ്രം ഉദ്ഘാടനംചെയ്‌തു.

രാജീവ് ആലുങ്കല്‍ വിശിഷ്‌ടാതിഥിയായി. കെ കെ കുമാരന്‍ പാലിയേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ എസ് രാധാകൃഷ്‌ണന്‍. സെക്രട്ടറി പി ജെ കുഞ്ഞപ്പന്‍ ട്രഷറര്‍ അഡ്വ എം സന്തോഷ്‌കുമാര്‍, ടി വി ബൈജു തുടങ്ങിയവര്‍ സംസാരിച്ചു

By Rathi N