Mon. Dec 23rd, 2024

ആലപ്പുഴ:

കായലിന്റെയും കടലിന്റെയും സൗന്ദര്യം നുകരാനും  കരുമാടിക്കുട്ടനെ കാണാനും എത്തുന്ന സഞ്ചാരികളിൽ പലർക്കുമറിയില്ല മുസാവരി ബംഗ്ലാവിന്റെ ചരിത്രപ്രാധാന്യം. സ്വാതന്ത്ര്യപോരാട്ടത്തിന്റെ അവിസ്‌മരണീയ ഏടുകളുള്ള ആലപ്പുഴയിലെത്തി 1937ൽ  ഗാന്ധിജി താമസിച്ചത്‌ ഇവിടെയാണ്‌.

ബംഗ്ലാവിന്റെ മുറ്റത്തെ കടവിലാണ് ഗാന്ധിജി ബോട്ടിൽ വന്നിറങ്ങിയത്. ഓർമയുടെ ഇളംകാറ്റുതട്ടി അന്നത്തെ കൂറ്റൻ നാട്ടുമാവുകൾ ഇപ്പോഴും മുറ്റത്ത് തണൽവിരിച്ചുനിൽക്കുന്നു. തിരുവനന്തപുരത്തുനിന്ന് വൈക്കത്തേക്കുള്ള യാത്രയിലാണ് അദ്ദേഹം കരുമാടിയിലെ ബംഗ്ലാവിൽ ഒരു ദിവസം താമസിച്ചത്.

സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പ്രചോദകശക്തിയായ ഗാന്ധിജിയെ  കാണാനും ഒന്നു സ്‌പർശിക്കാനും  ആബാലവൃദ്ധം കേട്ടറിഞ്ഞെത്തി.  മൗനവ്രതത്തിലായതിനാൽ ആ ശബ്‌ദം കേൾക്കാൻ ആരാധകവൃന്ദത്തിനായില്ല.

പിറ്റേന്ന് തകഴിയിലെത്തിയ ഗാന്ധിജി അവിടുന്ന് ജലമാർഗം ചേർത്തല വഴി വൈക്കത്തിനുപോയി. തകഴി അമ്പലത്തിനടുത്തും ഇപ്പോഴത്തെ പഞ്ചായത്ത് ഓഫീസിന്‌ സമീപവും അദ്ദേഹം ആളുകളെ കണ്ടു.

മുസാവരി ബംഗ്ലാവ് റോഡിനും കൊല്ലം- കോട്ടപ്പുറം ദേശീയ ജലപാതയ്‌ക്കും സമീപം ബ്രിട്ടീഷുകാർ പണിത റസ്‌റ്റ്‌ഹൗസാണ്. ബ്രിട്ടീഷുകാർ പോയശേഷം ബംഗ്ലാവ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായി.

ഇപ്പോൾ  അമ്പലപ്പുഴ റോഡ്സ് സെക്‌ഷനും തകഴി ബ്രിഡ്‌ജസ് ഡിവിഷനും ബംഗ്ലാവിന്റെ ഒരുവശത്തും കരുമാടി ഗവ. ആയുർവേദ ആശുപത്രി മറുവശത്തും പ്രവർത്തിക്കുന്നു.
ഗാന്ധിജി ബംഗ്ലാവിന്റെ മുന്നിലെ മാവിൻ ചുവട്ടിൽ വിശ്രമിച്ചിരുന്നെന്ന്  പഴമക്കാർ പറയുന്നു.

 

By Rathi N