Thu. Dec 19th, 2024

ചെങ്ങന്നൂർ ∙

വൈദ്യുതി കണക്‌ഷന് ഉപയോക്താവിൽ നിന്നും അമിത തുക വാങ്ങിയ ശേഷം വൈദ്യുതി ബോർഡിൽ അടയ്ക്കാതെ വെട്ടിപ്പ് നടത്തിയ സബ് എൻജിനീയറെ കെഎസ്ഇബി സസ്‌പെൻഡ് ചെയ്തു.  ചെങ്ങന്നൂർ ഇലക്ട്രിക്കൽ സെക്‌ഷനിലെ സബ് എൻജിനീയർ എൻ ഷിബുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ മാസം നഗരസഭ 24–ാം വാർഡിൽ നരേന്ദ്രഭൂഷൺ റോഡിലുള്ള ബഹുനില കെട്ടിടത്തിനു വൈദ്യുത കണക്‌ഷൻ നൽകാനെന്ന വ്യാജേന സബ് എൻജിനീയർ അര ലക്ഷം രൂപ ഉപയോക്താവിൽ നിന്നു വാങ്ങിയിരുന്നു. എന്നാൽ ഈ തുകയിൽ നിന്ന് 15,265 രൂപ മാത്രമാണ് കണക്‌ഷൻ ചാർജ്, സർവീസ് വയറിനുള്ള തുക എന്നീ ഇനങ്ങളിൽ  ബോർഡിൽ അടച്ചത്.

നരേന്ദ്രഭൂഷൺ റോഡിൽ ബോർഡിന്റെ അനുമതിയില്ലാതെ വൈദ്യുത പോസ്റ്റ് സ്ഥാപിക്കുന്നെന്നു വിവരം ലഭിച്ചതിന്റെ  അടിസ്ഥാനത്തിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സബ് എൻജിനീയർ നേരത്തെയും 3 തവണ സസ്‌പെൻഷനു വിധേയനായിട്ടുണ്ട്.

By Rathi N