Mon. Dec 23rd, 2024
ഓച്ചിറ:

പ്രിയപ്പെട്ടവരുടെ ജീവൻ നിലനിർത്താൻ അവയവങ്ങൾ പകുത്തുനൽകിയവർ പിന്നീട് ജീവിതവഴിയിൽ ഒന്നിച്ചു; അവരുടെ മുന്നോട്ടുള്ള യാത്ര അവയവദാനത്തെക്കുറിച്ച് സംശയങ്ങൾ വച്ചുപുലർത്തുന്ന സമൂഹത്തിനാകെ മാതൃകയാണ്. ഓച്ചിറ കിഴക്കേക്കര പുത്തൻവീട്ടിൽ മുരളീധരൻ പിള്ളയും (52) ഭാര്യ ലതയും (49) വിവാഹത്തിനു മുൻപ് തന്നെ അവയവദാതാക്കളായവരാണ്.

മുരളീധരൻപിള്ള തന്റെ ജ്യേഷ്ഠൻ ഓമനക്കുട്ടനാണ് 26 വർഷം മുൻപ് തന്റെ 26-ാം വയസ്സിൽ വൃക്ക പകുത്തു നൽകിയത്. വലിയകുളങ്ങര തൈക്കൂട്ടത്തിൽ ലത വൃക്ക നൽകിയത് ആദ്യ ഭർത്താവായ രാജേഷ് സാരംഗിക്കാണ്.

2003ൽ ആയിരുന്നു ശസ്ത്രക്രിയ. രണ്ടുവർഷത്തിനു ശേഷം രാജേഷ് സാരംഗി മരണത്തിനു കീഴടങ്ങി. തങ്ങളുടെ ജീവനും സമ്പത്തും നൽകി ഉറ്റവരുടെ ജീവിതം തിരിച്ചു പിടിക്കാൻ ശ്രമിച്ച മുരളിയും ലതയും ഒടുവിൽ ജീവിതത്തിൽ ഒരുമിക്കാൻ തീരുമാനിച്ചു.

2005 ഓഗസ്റ്റ് 25ന് അവർ വിവാഹിതരായി. മകൻ അദ്വൈത് ഒൻപതാം ക്ലാസിലും മകൾ ആദ്രജ അഞ്ചാം ക്ലാസിലും പഠിക്കുന്നു. മുരളി നടത്തിയിരുന്ന കട ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ലത തുന്നൽ ജോലികൾ ചെയ്ത് വീട്ടുകാര്യങ്ങളും കുട്ടികളുടെയും പഠനവും മുന്നോട്ട് കൊണ്ടുപോകുന്നു. കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കിഡ്നി ഫൗണ്ടേഷനിലെ പ്രവർത്തകരാണ് ഇരുവരും.

By Divya