Thu. Jan 23rd, 2025
അടിമാലി:

ഇടുക്കിയിലെ സുഗന്ധവ്യഞ്ജന പാർക്കുകൾ സഞ്ചാരികളുടെ വരവിനായി വീണ്ടും കാതോർക്കുകയാണ്‌. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നുകൊടുത്തത്‌ സുഗന്ധവ്യഞ്ജന വിപണിക്ക്‌ കരുത്തുപകരുമെന്ന വിശ്വാസത്തിലാണ്‌ ഈ മേഖലയിലുള്ളവർ. ഹൈറേഞ്ചിൽ എത്തുന്നവർ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങാതെ മടങ്ങാറില്ല.

വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിൽ ഒന്നാണ്‌ സ്‌പൈസസ് പാര്‍ക്കുകളും വില്‍പ്പനശാലകളും. കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്താണ് പലരും സംരംഭം തുടങ്ങിയത്. വിദേശികളും ഇതര സംസ്ഥാനക്കാരുമായിരുന്നു ഇവിടുത്തെ സന്ദര്‍ശകരിലേറെയും.

സുഗന്ധവിളകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയുമാകാം. കരകൗശല–-സൗന്ദര്യവര്‍ധക വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും, കൂടാതെ ആനസവാരി, വിനോദ പാര്‍ക്കുകള്‍ എന്നിവയും ഇതോടനുബന്ധിച്ചുണ്ടായിരുന്നു. സുഗന്ധവിള പാർക്കുകളുടെ ഈ പ്രതാപകാലമാണ്‌ കോവിഡ്‌ കവർന്നത്‌.

ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെ മാത്രം 25ലേറെ സ്‌പൈസസ് ഷോപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കോവിഡ് രണ്ടാംതരംഗത്തിൽ സഞ്ചാരികൾ ഒഴിഞ്ഞതോടെ വരുമാനം നിലച്ചു. മൂന്നുമാസമായി പൂർണമായി അടച്ചുപൂട്ടി. ഉടമകളും ജീവനക്കാരും തൊഴില്‍രഹിതരായി.

സഞ്ചാരികളുടെയും ജീവനക്കാരുടെയും സാന്നിധ്യമില്ലാതായതോടെ പാര്‍ക്കുകള്‍ പരിപാലനമില്ലാതെ കിടക്കുകയാണ്. മുമ്പ്‌ സഞ്ചാരികളുടെ ഒഴുക്കുണ്ടായിരുന്നപ്പോൾ ഈ മേഖലയിൽ വൻമത്സരം നേരിട്ടിരുന്നു. ചില പരാതികൾ ഉയർന്നിരുന്നെങ്കിലും നിരവധി പേരുടെ തൊഴിൽമാർഗമായിരുന്നു ഈ സുഗന്ധവിള പാർക്കുകൾ.

By Divya