Mon. Dec 23rd, 2024

പാലക്കാട്‌:

കർഷകർക്ക്‌ ബുദ്ധിമുട്ടില്ലാതെ ഒന്നാംവിള നെല്ല്‌ സംഭരിക്കാൻ സപ്ലൈകോയും കൃഷി വകുപ്പും തയ്യാറെടുപ്പ്‌ തുടങ്ങി. 16ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. സംഭരണത്തിന്‌ ആവശ്യമായ ഫീൽഡ്‌ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ ഉടൻ നിയമിക്കും.

സാധാരണ ഒക്ടോബറിൽ സംഭരണം തുടങ്ങുന്നതിന്‌ തൊട്ടുമുമ്പാണ്‌ മില്ലുടമകളുമായി ചർച്ച ആരംഭിക്കുക. തർക്കത്തെത്തുടർന്ന്‌ സംഭരണം നീളുകയും നെല്ല്‌ പകുതിയും കുറഞ്ഞ വിലയ്ക്ക്‌ സ്വകാര്യ മില്ലുകാർ കൊണ്ടുപോകുകയും ചെയ്യും.

ഇത്‌ കർഷകർക്ക്‌ വൻ നഷ്ടമുണ്ടാക്കും.
ഈ പ്രതിസന്ധി മറികടക്കാൻ മുൻകൂറായി ഈ മാസം 26ന്‌ തിരുവനന്തപുരത്ത്‌ മില്ലുകാരുമായി ചർച്ച നടക്കും.സെപ്‌തംബർ ആദ്യം സംഭരണം തുടങ്ങും.

സാധാരണ ആഗസ്‌ത്‌ അവസാനത്തിലോ സെപ്‌തംബർ ആദ്യമോ ആണ്‌ രജിസ്‌ട്രേഷൻ തുടങ്ങുക. സംഭരണം ഒക്ടോബറിൽ ആരംഭിക്കും. കേന്ദ്ര സർക്കാർ നിശ്‌ചയിച്ച തീയതി പ്രകാരമാണ്‌ ഒക്ടോബറിൽ സംഭരണം ആരംഭിക്കുന്നത്‌.

അടുത്ത സീസൺമുതൽ രജിസ്‌ട്രേഷൻ മുൻകൂട്ടി നടത്താൻ ക്രമീകരണം ഏർപ്പെടുത്തുമെന്ന്‌ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ സിവിൽ സപ്ലൈസ്‌ മന്ത്രി വ്യക്തമാക്കി.  കയറ്റിറക്കു കൂലി കർഷകർക്ക്‌ ഭാരമാകാതിരിക്കാനും സംഭരണത്തുക അടിയന്തരമായി ലഭ്യമാക്കാനും സർക്കാർ ശക്തമായി ഇടപെടും.

രണ്ടാംവിളയ്‌ക്ക്‌ ഇത്തവണ ജില്ലയിൽ റെക്കോഡ്‌ സംഭരണമായിരുന്നു. രണ്ടു വിളകളിലും 3.29 ലക്ഷം മെട്രിക്‌ ടൺ നെല്ലെടുത്തു. രണ്ടാം വിളയ്‌ക്കുമാത്രം 1.93 ലക്ഷം മെട്രിക്‌ ടൺ നെല്ലളന്നു.

By Rathi N