പള്ളുരുത്തി:
കൊവിഡ് പ്രതിസന്ധിക്കിടയിലും കൈപൊള്ളാതെ ഓണം ആഘോഷിക്കാൻ കൺസ്യൂമർഫെഡിന്റെ ഓണം വിപണികൾക്ക് തുടക്കമായി. സഹകരണ സംഘങ്ങൾ വഴി 170, ത്രിവേണികൾ വഴി 17 എന്നിങ്ങനെയാണ് ഓണച്ചന്തകൾ ഒരുക്കിയിരിക്കുന്നത്.
അരിയും പഞ്ചസാരയുമുൾപ്പെടെ 13 ഇനങ്ങൾ 50 ശതമാനംവരെ വിലക്കുറവിലാണ് നൽകുന്നത്. മറ്റ് സാധനങ്ങൾ വിപണി വിലയേക്കാൾ 10 മുതൽ 30 ശതമാനംവരെ വിലകുറച്ചാണ് വിൽപ്പന.
ജയ അരി ഒരു കിലോ–-25 രൂപ, കുത്തരി–- 24, പച്ചരി–- 23, പഞ്ചസാര–- 22, ചെറുപയർ–- 74, വൻകടല–- 43, ഉഴുന്ന്–- 66, വൻപയർ–- 45, തുവരപ്പരിപ്പ്–- 65, മുളക്–- 75, മല്ലി–- 79, വെളിച്ചെണ്ണ അരലിറ്റർ–- 46.
പള്ളുരുത്തി മണ്ഡലം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പള്ളുരുത്തി നഗരസഭ കെട്ടിടത്തിൽ ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം മേയർ എം അനിൽകുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ പി ശെൽവൻ അധ്യക്ഷനായി. കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ അഡ്വ. പി എം ഇസ്‌മയിൽ മുഖ്യപ്രഭാഷണം നടത്തി.
എറണാകുളം ജോയിന്റ് രജിസ്ട്രാർ സജീവ്കർത്ത ആദ്യവിൽപ്പന നടത്തി. ജോൺ ഫെർണാണ്ടസ്, കൺസ്യൂമർഫെഡ് റീജണൽ മാനേജർ എം വി ഷൈനി, ടി പി സുധൻ, കെ ജെ ബേസിൽ, അഡ്വ. പി എസ് വിജു, ബാങ്ക് വൈസ് പ്രസിഡന്റ് കെ സുരേഷ് എന്നിവർ സംസാരിച്ചു.