Mon. Dec 23rd, 2024

വൈപ്പിൻ∙

ബ്ലോക്ക് പഞ്ചായത്ത് കുഴുപ്പിള്ളിയിൽ തുടങ്ങിയ കൊവിഡ്  പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ  പ്രവർത്തനം നിർത്തി. സർക്കാർ  വാഗ്ദാനം ചെയ്ത സാമ്പത്തികസഹായം കിട്ടാതെ വന്നതും, നടത്തിപ്പു ചെലവു താങ്ങാൻ കഴിയാതെ വന്നതുമാണ് കേന്ദ്രം അടച്ചു പൂട്ടാനുള്ള കാരണമെന്ന് അറിയുന്നു.

വൈപ്പിനിൽ കൊവിഡ് രോഗികളുടെ  എണ്ണം കൂടുകയും  മൂന്നാം തരംഗത്തിനു സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സെന്റർ നിർത്തിയതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. 2 മാസവും 12 ദിവസവും പ്രവർത്തിച്ച ശേഷം കഴിഞ്ഞ ജൂലൈ 31 നാണു സെന്റ‍ർ പൂട്ടിയത്.

സർക്കാർ സഹായത്തിനു താമസമുണ്ടാകുമെന്നതിനാൽ ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നു പണമെടുത്താണു സെന്റർ ആരംഭിച്ചത്. അടിസ്ഥാന സൗകര്യം ഒരുക്കാൻ  4 ലക്ഷത്തോളം രൂപ ചെലവായി. ഇതുൾപ്പെടെ 28 ലക്ഷം രൂപയോളം ഇതിനകം ചെലവിട്ടെന്നു ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ പറയുന്നു.

40 കിടക്കകളും  ഓക്സിജൻ സിലിണ്ടറും 4 ഡോക്ടർമാരും ഉൾപ്പെടെ  30 ഓളം ജീവനക്കാരും ഉണ്ടായിരുന്ന സെന്ററിനായി  കുഴുപ്പിള്ളി,പള്ളിപ്പുറം പഞ്ചായത്തുകൾ 2 ലക്ഷം രൂപ  സംഭാവന നൽകി. ഇതിനകം നാനൂറോളം രോഗികൾക്ക് ഇവിടെ പരിചരണം നൽകി.

ഒരു മാസത്തെ പ്രവർത്തനത്തിന്  8 ലക്ഷത്തോളം രൂപയായിരുന്നു ചെലവ്.  ഇതു താങ്ങാൻ കഴിയാതെ വന്നതോടെയാണു സെന്റർ അടച്ചതെന്നറിയുന്നു. ജീവനക്കാർക്ക്  അവസാന  മാസത്തെ ശമ്പളം ഇതുവരെ കിട്ടിയിട്ടില്ല.

By Rathi N