Mon. Dec 23rd, 2024

കളമശേരി∙

എച്ച്എംടി റോഡിൽ വാഹനഗതാഗതം തടസ്സപ്പെടുത്തുന്ന വിധത്തിൽ‌ നടപ്പാത കയ്യേറിയുള്ള വഴിയോരക്കച്ചവടം വ്യാപകമായി. എച്ച്എംടി ജംക്‌ഷൻ മുതൽ നഗരസഭയുടെ അതിർത്തിയായ മണലിമുക്ക് വരെയുള്ള 5 കിലോമീറ്റർ പരിധിയിലെ അനധികൃത പെട്ടിക്കടകൾ പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് ഒ‌ാരോ ദിവസവും പുതിയ പെട്ടിക്കടകൾ ഇവിടെ ഉയരുന്നത്.

കളമശേരി നഗരസഭാ പ്രദേശത്ത് 63 തട്ടുകടകൾക്കാണ് അനുമതിയുള്ളത്. രാഷ്ട്രീയപ്പാർട്ടികളുടെ പിൻബലത്തോടെ അതു പത്തിരട്ടിയായി വർധിച്ചു. കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയ തട്ടുകട പോലും ഇപ്പോൾ പുറംകരാറുകാരാണു നടത്തുന്നത്.

പോളിടെക്നിക്കിനു മുൻപിലും സെന്റ് ജോസഫ്സ് റോഡിന്റെ എതിർവശത്തും തട്ടുകടകൾ മൂലം വാഹനാപകടമുണ്ടായി. മെഡിക്കൽ കോളജിനു മുൻപിലെ തട്ടുകടയിലേക്കു  രണ്ടു വട്ടം വാഹനം ഇടിച്ചുകയറി. 2 പ്രാവശ്യം തീപിടിത്തവും ഉണ്ടായി.

അനധികൃത തട്ടുകടകൾ നീക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടത് 2018 മാർച്ചിലാണ്. കയ്യേറ്റം ഒഴിപ്പിക്കാനുള്ള സ്ക്വാഡ് രൂപീകരിക്കാൻ 11 മാസം വേണ്ടിവന്നു. നടപടി അവിടം കൊണ്ടു തീർന്നു. സ്ക്വാഡിലെ പല ഉദ്യോഗസ്ഥരും വിരമിച്ചു. ചിലർ സ്ഥലം മാറിപ്പോയി. കോടതി ഉത്തരവും മറന്നു.

ഇതെല്ലാം ഒത്തുവന്നപ്പോൾ കയ്യേറ്റം നിയന്ത്രണമില്ലാതെ കൂടി.  നഗരസഭ കൗൺസിൽ അനുവദിച്ചാൽ ഹൈക്കോടതി ഉത്തരവു നടപ്പാക്കുമെന്നു സെക്രട്ടറി പറയുന്നു. കയ്യേറ്റം നീക്കണമെന്ന് ആവശ്യപ്പെട്ടു എച്ച്എംടിയും നഗരസഭയ്ക്കു കത്തു നൽകിയിട്ടുണ്ട്.

By Rathi N