Tue. Dec 31st, 2024
കോട്ടയം:

അനാഥ-അഗതി-വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികളുടെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ നിര്‍ത്തലാക്കിയ സർക്കാർ നടപടി ക്രൂരതയാണെന്ന്​ ഓര്‍ഫനേജ് അസോസിയേഷന്‍. അഗതിമന്ദിരങ്ങളിലെ അന്തേവാസികളുടെ പൂര്‍ണ ഉത്തരവാദിത്തം സ്ഥാപനങ്ങള്‍ക്കാണെന്ന ധനവകുപ്പ് ഉത്തരവ്​ അംഗീകരിക്കാനാവില്ലെന്നും​ അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജ് ആൻഡ്​​ ചാരിറ്റബിള്‍ ഇൻസ്​റ്റിറ്റ്യൂഷന്‍ സംസ്ഥാന പ്രസിഡൻറ്​ ഫാ റോയി മാത്യു വടക്കേല്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

തെരുവില്‍ അലയുന്നവരെയടക്കം പരിപാലിക്കുന്ന ക്ഷേമസ്ഥാപനങ്ങളോട് സർക്കാർ കാണിക്കുന്ന വിവേചനം ഖേദകരമാണ്. സുമനസ്സുകളുടെ സഹായത്തോടെയാണ്​ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് കാലത്ത് പൊതുജനങ്ങളുടെ സഹകരണം നിലച്ചിരിക്കുകയാണ്.

ഇതിനിടെയാണ്​ മനുഷ്യത്വരഹിത ഉത്തരവുകളിലൂടെ നിലവില്‍ ലഭിക്കുന്ന സഹായംകൂടി നിര്‍ത്തലാക്കുന്നത്. ഇത്​ പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാറിൻ്റെ ഗ്രാൻറ്​ സമയബന്ധിതമായി ലഭിക്കുന്നില്ല.

ക്ഷേമസ്ഥാപനങ്ങളോടുള്ള വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ തിരുവോണദിനത്തില്‍ എല്ലാ കലക്‌ടറേറ്റുകള്‍ക്ക്​ മുന്നിലും സെക്രട്ടേറിയറ്റ് പടിക്കലും പട്ടിണിസമരം ഇരിക്കും. തുടര്‍നടപടി ഉണ്ടായില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായും ഫാ വടക്കേല്‍ പറഞ്ഞു.

കോവിഡ് കാലത്ത് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതില്‍പോലും നിസ്സംഗത പുലര്‍ത്തുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ആറുവര്‍ഷത്തിലധികമായി പുതിയ സ്ഥാപനങ്ങള്‍ക്ക് ഗ്രാൻറിന് അനുമതി നല്‍കിയിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ല സെക്രട്ടറി ഫാ മാത്യു കെ ജോണ്‍, ട്രഷറര്‍ ജോണി എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

By Divya