Mon. May 6th, 2024
പീരുമേട്:

പാമ്പനാർ ഗ്ലെൻമേരി തോട്ടത്തിൽ തൊഴിലാളികളുടെ ശമ്പള വിതരണം മുടങ്ങിയിട്ട് ആറുമാസം. ആഴ്​ചയിൽ 600 രൂപ ചെലവുകാശ് ലഭിക്കുന്നതാണ് ഏകവരുമാനം. തോട്ടം തുറക്കുന്നതിന് ലേബർ കമീഷണർ, ജില്ല ലേബർ ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി ചർച്ച നടത്തിയെങ്കിലും ശമ്പള വിതരണം പുനഃസ്ഥാപിച്ചില്ല.

ഉദ്യോഗസ്ഥർ വിളിക്കുന്ന യോഗത്തിൽ ശമ്പള വിതരണത്തിന്​ തീയതി നിശ്ചയിക്കുകയും നിശ്ചിത ദിവസം വിതരണം നടത്തുമെന്ന് ഉടമ ഉറപ്പ് നൽകുകയും ചെയ്യുമെങ്കിലും വിതരണം മുടങ്ങുന്നു. ഒരു മാസം ലഭിക്കുന്ന 2400 രൂപയാണ് തൊഴിലാളികളുടെ വരുമാനം. ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ എന്നിവക്ക് പണമില്ലാതെ തൊഴിലാളികൾ ക്ലേശിക്കുന്നു. പ്ലാന്റെഷൻ ലേബർ ആക്​ട്​ പ്രകാരം തൊഴിലാളികൾക്ക് കമ്പിളിക്കാശായി 350 രൂപ മേയ് 30ന് മുമ്പ് വിതരണം ചെയ്യണം.

ജൂൺ ആറിന് പണം വിതരണം ചെയ്യുമെന്ന് തൊഴിൽ വകുപ്പിനെ അറിയിച്ചെങ്കിലും നടന്നില്ല. കമ്പിളിക്കാശ് വിതരണം മുടങ്ങിയിട്ട് രണ്ടു വർഷമായി​. 2014ന് ശേഷം തൊഴിലാളികളുടെ പ്രോവിഡൻറ് ഫണ്ടും മുടങ്ങി. തോട്ടത്തിൽനിന്ന് വിരമിച്ച 1266 തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി, പ്രോവിഡൻറ്​ ഫണ്ട് ആനുകൂല്യങ്ങളും വിതരണം ചെയ്തില്ല.

ആനുകൂല്യം ലഭിക്കാതെ നിരവധി തൊഴിലാളികളാണ് മരിച്ചത്. തോട്ടത്തിലെ ഓഫിസുകളിൽ ജോലി ചെയ്യുന്നവർക്ക് രണ്ടു വർഷമായി ശമ്പളം ലഭിച്ചിട്ടില്ല. മാനേജർ ഉൾപ്പെടെയുള്ളവരെ തൊഴിലാളികൾ തടഞ്ഞു​െവച്ച് സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

By Divya