Sun. May 19th, 2024

ടെൽ അവീവ്: ഇസ്രായേലിൽ അൽജസീറയുടെ ഓഫീസ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രാജ്യസുരക്ഷക്ക് ഭീക്ഷണിയാകുന്ന മാധ്യമസ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് അനുവദിക്കുന്ന ബിൽ ഇസ്രായേൽ മന്ത്രിസഭ ഏകകണ്ഠമായി പാസാക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് അൽ ജസീറ പൂട്ടുന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്. 

തൻ്റെ നേതൃത്വത്തിലുള്ള ഇസ്രായേൽ സർക്കാർ അൽജസീറ പൂട്ടാൻ ഏകകണ്ഠമായി തീരുമാനിച്ചിരിക്കുന്നുവെന്ന് ബെഞ്ചമിൻ  നെതന്യാഹു എക്സിൽ കുറിച്ചു. മന്ത്രിസഭ പാസാക്കിയ ഉത്തരവിൽ താൻ ഒപ്പുവെച്ചതായി ഇസ്രായേൽ കമ്മ്യൂണിക്കേഷൻസ് മന്ത്രി ഷ്ലോമോ കാർഹിയും അറിയിച്ചു.

ചാനലിൻ്റെ പ്രവർത്തനാനുമതി വിലക്കിയതിന് പിന്നാലെ അൽജസീറയുടെ ഓഫീസിൽ ഇസ്രായേൽ റെയ്ഡ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ചാനലിൻ്റെ കിഴക്കൻ ജറുസലേമിലുള്ള ഓഫീസിലാണ് റെയ്ഡ് നടന്നത്. ക്യാമറകൾ, കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ തുടങ്ങി വാർത്തകൾ ചെയ്യാനുപയോഗിക്കുന്ന ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. 

ഗാസിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ വാർത്തകൾ ചെയ്തതിനെ തുടർന്നാണ് ചാനലിൻ്റെ പ്രവർത്തനം രാജ്യത്ത് അവസാനിപ്പിക്കാൻ ഇസ്രായേൽ തീരുമാനിക്കുന്നത്. അൽജസീറ ഹമാസുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്നും ഇത് ഇസ്രോയേലിൻ്റെ സുരക്ഷയെ ഹനിക്കുന്നതാണെന്നുമാണ് ഇസ്രോയേലിൻ്റെ വാദം.

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.