കടങ്ങോട്∙
പഞ്ചായത്തിലെ കേച്ചേരി – അക്കികാവ് ബൈപാസിൽ കൂമ്പുഴ പാലത്തിനു സമീപം റോഡരികിൽ മാലിന്യം തള്ളിയവരെ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പിടികൂടി. പിന്നീട് അവരെക്കൊണ്ടുതന്നെ മാലിന്യം നീക്കം ചെയ്യിച്ചു.
ഞായറാഴ്ച രാത്രിയാണ് ബൈപാസ് ഹൈവേയിൽ വൻ തോതിൽ കടകളിൽ നിന്നുള്ള പ്ലാസ്റ്റിക് – പേപ്പർ മാലിന്യം കൊണ്ടു തള്ളിയത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കടങ്ങാട് പഞ്ചായത്ത് സെക്രട്ടറി കെ നന്ദകുമാർ, വൈസ് പ്രസിഡന്റ് പിഎസ് പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യാേഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചു.
മാലിന്യക്കെട്ടുകളില്‍ നടത്തിയ തിരിച്ചിലിൽ നീണ്ടൂർ തങ്ങൾപ്പടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നുള്ള മാലിന്യമാണെന്ന് തിരിച്ചറിഞ്ഞതോടെ ഉടമകളെ പഞ്ചായത്ത് അധികൃതർ വിളിച്ചു വരുത്തുകയും മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പഞ്ചായത്ത് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും സ്ഥലത്തെത്തി.
കടകളിൽ നിന്നുളള മാലിന്യം നീക്കാൻ കരാറെടുത്തവരാണ് മാലിന്യം കൊണ്ടുവന്നിട്ടതെന്ന് പറയുന്നു. ഒടുവിൽ സ്ഥാപന ഉടമകളുടെ നേതൃത്വത്തിൽത്തന്നെ റാേഡരികിലെ മാലിന്യം നീക്കി. പിഴയടക്കമുള്ള ശിക്ഷാ നപടികളുണ്ടാകുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.