Mon. May 6th, 2024
റാന്നി:

തപാൽ വകുപ്പിൻ്റെ അവഗണനയിൽപ്പെട്ട് റാന്നി പോസ്റ്റ് ഓഫിസ്. ഹെഡ് പോസ്റ്റ് ഓഫിസായി ഇത് ഉയർത്തണമെന്ന ആവശ്യം വർഷങ്ങൾ പിന്നിടുമ്പോഴും നടപ്പാകുന്നില്ല. പത്തനംതിട്ട പോസ്റ്റൽ ഡിവിഷന്റെ കീഴിലാണ് റാന്നി.

കൊല്ലം ജില്ലയിലെ കുന്നത്തൂർ, പത്തനാപുരം, പുനലൂർ എന്നീ താലൂക്കുകളിൽ ഉൾപ്പെടുന്ന അനവധി പോസ്റ്റ് ഓഫിസുകളും പത്തനംതിട്ട ഡിവിഷനു കീഴിലാണ്. പുനലൂർ കേന്ദ്രമാക്കി പോസ്റ്റൽ ഡിവിഷൻ ആരംഭിക്കാൻ മുൻപു നീക്കം നടന്നിരുന്നെങ്കിലും ഫലം കണ്ടില്ല. പത്തനംതിട്ട ഡിവിഷനിലുള്ള ഒരു ഹെഡ് പോസ്റ്റ് ഓഫിസ്, 16 സബ് ഓഫിസുകൾ, 19 ഇഡി സബ് ഓഫിസുകൾ, 62 ബ്രാഞ്ച് ഓഫിസുകൾ എന്നിവ നിർദിഷ്ട പുനലൂർ ഡിവിഷനിലേക്കു മാറ്റാനായിരുന്നു നീക്കം.

പോസ്റ്റൽ വകുപ്പ് നേരിട്ട സാമ്പത്തിക പ്രതിസന്ധി മൂലം പിന്നീട് ഇതിൽ‌ നിന്ന് പിൻമാറുകയായിരുന്നു. പുനലൂർ ഡിവിഷൻ സാധ്യമായാൽ മാത്രമേ റാന്നി ഹെഡ് പോസ്റ്റ് ഓഫിസായി ഉയർത്താനാകൂ. പുനലൂർ ഡിവിഷനിലേക്കു മാറ്റുന്ന തസ്തികകളുടെ കുറവ് നികത്താനായി റാന്നി ഉയർത്തണം. റാന്നി താലൂക്കിലെയും കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട് എന്നീ പഞ്ചായത്തുകളിലെയും പോസ്റ്റ് ഓഫിസുകൾ ചേർത്ത് റാന്നി ഹെഡ് പോസ്റ്റ് ഓഫിസ് അനുവദിക്കാനാകും.

ആങ്ങമൂഴി, ചെല്ലക്കാട്, ചെറുകോൽ, ചിറ്റാർ, ഈട്ടിച്ചുവട്, കരികുളം, കീക്കൊഴൂർ, കുമ്പളാംപൊയ്ക, മാടമൺ മക്കപ്പുഴ, മൂഴിയാർ, നെല്ലിക്കമൺ, റാന്നി, സീതത്തോട്, റാന്നി–ഇടമൺ, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, ഉതിമൂട്, വടശേരിക്കര, വെച്ചൂച്ചിറ, അത്തിക്കയം, കുടമുരുട്ടി, പമ്പ, വലിയകാവ്, ചാത്തൻതറ, വെൺകുറിഞ്ഞി, മണ്ണടിശാല, ചേത്തയ്ക്കൽ, ഇടമുറി, പുല്ലൂപ്രം എന്നീ പോസ്റ്റ് ഓഫിസുകൾ ഉൾപ്പെടുത്തി റാന്നി ഹെഡ് പോസ്റ്റ് ഓഫിസ് അനുവദിക്കാനാകും. കേന്ദ്ര സർക്കാരിന്റെ ഇടപെടലാണ് ഇതിനാവശ്യം.

By Divya