Sun. May 19th, 2024

പത്തനംതിട്ട: പത്തനംതിട്ട തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ശനിയാഴ്ച ചത്തത്.

സമീപത്തെ വീട്ടുകാർ വെട്ടികളഞ്ഞ അരളിച്ചെടിയുടെ ഇല ഇവർ പശുവിന് കൊടുത്തിരുന്നു. അരളി ചെടിയുടെ ഇലയില്‍ നിന്നുള്ള വിഷബാധയാണ് മരണ കാരണം.

പശുവിന് ചക്ക കൊടുത്തെന്നും ദഹനക്കേടുണ്ടെന്നും പറഞ്ഞ് പങ്കജവല്ലിയമ്മ മൃഗാശുപത്രിയിൽ നിന്നും മരുന്ന് വാങ്ങിയിരുന്നു. എന്നാൽ വീട്ടിലെത്തിയപ്പോഴേക്കും പശു കിടാവ് ചത്തിരുന്നു. അടുത്ത ദിവസം തള്ളപ്പശുവും ചത്തു. മരണ കാരണം എന്താണെന്ന് വ്യക്തമായിരുന്നില്ല.

സാധാരണ ദഹനക്കേട് മരുന്ന് കൊടുത്താൽ മാറുന്നതാണ്. എന്നാൽ മരുന്ന് കൊടുത്തിട്ടും മാറാത്തതിനെ തുടർന്ന് പശുവിന് കുത്തിവെപ്പും എടുത്തിരുന്നു. സബ് സെന്ററിൽ നിന്ന് കുത്തിവെപ്പെടുക്കാൻ ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടര്‍ വീടിന് സമീപത്ത് അരളി കണ്ടിരുന്നു. പശുക്കളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായി.