ചേർത്തല:
ലോട്ടറി വിൽപനക്കാരിയായ വയോധികയെ കബളിപ്പിച്ച് ഓണം ബംബർ ടിക്കറ്റുമായി യുവാക്കൾ ബൈക്കിൽ കടന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ചേർത്തല നഗരസഭ 18ാം വാർഡിൽ പുത്തൻപറമ്പിൽ സരോജിനി അമ്മയെയാണ് (78) കബളിപ്പിച്ചത്.
ചേർത്തല എക്സ്റേ കവലക്ക് തെക്ക് ഇന്ത്യൻ കോഫി ഹൗസിന് മുന്നിൽ ലോട്ടറി വിൽപനക്കിടെ ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ കൈവശമുണ്ടായിരുന്ന നാല് ഓണം ബംബർ ടിക്കറ്റുകൾ വാങ്ങാനെന്ന വ്യാജേനയാണ് വാങ്ങിനോക്കിയത്.
തുടർന്ന് രണ്ടെണ്ണം തിരികെ കൊടുത്ത് ബാക്കിയുള്ളവയുമായി കടന്നുകളയുകയായിരുന്നു. ഒരുടിക്കറ്റിന് 300 രൂപയാണ് വില. 10 വർഷം മുമ്പ് ഭർത്താവ് മരിച്ചതിനെത്തുടർന്നാണ് ഉപജീവനത്തിനായി ലോട്ടറി വിൽപന തുടങ്ങിയത്.